കോവിഡ് രോഗം ഭേദമായവരില്‍ നീണ്ടുനിൽക്കുന്ന പോസ്റ്റ് കോവിഡ് രോഗങ്ങൾക്കും ഹൃദ്രോഗത്തിനും സാധ്യതയെന്ന് പഠനം. | Post Covid Syndrome

കോവിഡ് രോഗവിമുക്തരില്‍ മറ്റു രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ ഉണ്ടാകാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പിന് പിന്നാലെ രോഗം ഭേദമായവരില്‍ ഭൂരിപക്ഷവും ഹൃദ്രോഗ ബാധിതരാവുന്നുവെന്ന് പഠനങ്ങള്‍. സംസ്ഥാന യുവജനക്ഷേമ ഉപാധ്യക്ഷനും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉജ്ജ്വല ഭാവിവാഗ്ദാനവുമായിരുന്ന പി ബിജു ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത് ഈ പുതിയ പ്രതിഭാസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ലോകത്തൊട്ടാകെ കോവിഡ് രോഗവിമുക്തി നേടിയവരില്‍ 78 ശതമാനവും പിന്നാലെ ഹൃദയരോഗങ്ങള്‍ക്കടിപ്പെട്ടുവെന്ന് ജര്‍മ്മന്‍ ഹൃദ്രോഗ വിദഗ്ധര്‍ നടത്തിയ ജാമാ ഹൃദയശാസ്ത്ര പഠനത്തില്‍ കണ്ടെത്തി. ഇപ്രകാരം കോവിഡാനന്തര ഹൃദ്രോഗ ബാധിതരില്‍ 53 ശതമാനം പുരുഷന്മാരും 47 ശതമാനം സ്ത്രീകളുമാണ്. ശരാശരി 49 വയസാണ് കോവിഡ് മുക്തരിലെ ഹൃദ്രോഗികളുടെ പ്രായം. ഇപ്രകാരമുള്ള ഹൃദ്രോഗികളുടെ മരണനിരക്കും അന്‍പത് ശതമാനത്തിലേറെയാണ്.

കോവിഡാനന്തര ഹൃദ്രോഗ ചികിത്സ നടത്തി സാധാരണഗതിയിലായവരില്‍ 60 ശതമാനത്തോളം പിന്നീട് സ്ഥിരം ഹൃദ്രോഗികളായി മാറുന്നുവെന്നാണ് യു എസിലെ ഹോപ്കിന്‍സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍. ഈ കണക്ക് ജര്‍മ്മന്‍ സര്‍വേയും ശരിവയ്ക്കുന്നു. കോവിഡ് ബാധിതരുടെ ഹൃദയപേശികള്‍ ചികിത്സയ്ക്കിടെ ദുര്‍ബലമാവുകയും ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ചെയ്യുന്നത് വ്യാപകമാവുന്നുവെന്നും പഠനങ്ങളില്‍ തെളിഞ്ഞു. രോഗവിമുക്തിയുണ്ടാവുമ്പോള്‍ ഇതിനകം ഹൃദയത്തിനുണ്ടാകുന്ന കേടുപാടുകള്‍ ഹൃദയസ്തംഭനവും ഹൃദയാഘാതവും മൂലമുള്ള മരണങ്ങളിലേയ്ക്ക് വഴിമരുന്നിടുന്നു.

ചെറുതല്ലാത്ത ശതമാനം കോവിഡ് മുക്തരില്‍ ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ നിശബ്ദ ലക്ഷണങ്ങളോടെയാണെന്നതും ആശങ്ക പടര്‍ത്തുന്നു. കോവിഡ് രോഗവിമുക്തിയുടെ ആദ്യഘട്ടത്തില്‍ത്തന്നെ അവരിലേക്ക് ഹൃദ്രോഗം ചേക്കേറുന്നതും നിശബ്ദമായാണെന്നും ഹൃദ്രോഗ ലക്ഷണങ്ങള്‍ നിശബ്ദമായി മരണത്തിലേക്കു നയിക്കാന്‍ ഇതു കാരണമാണെന്നും ജര്‍മ്മന്‍ സര്‍വേയില്‍ തെളിഞ്ഞു. കോവിഡ് മുക്തിക്കു ശേഷമുണ്ടാകുന്ന ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്തപ്പെടാനാവാതെ പോകുന്നു.

കോവിഡ് ഭേദമായെന്ന ആശ്വാസത്താല്‍ മറ്റു പരിശോധനകള്‍ നടത്താതെ ജീവിതം തുടരുന്നവരില്‍ 80 ശതമാനം ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നുണ്ടെന്ന് ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. കോവിഡ് ചികിത്സയ്ക്കെത്തിയവരില്‍ 32 ശതമാനത്തിന് ഹൃദ്രോഗം ഏറിയും കുറഞ്ഞുമുണ്ടായിരുന്നുവെന്ന് യു എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ പഠനത്തില്‍ പറയുന്നു. കോവിഡ് ചികിത്സയ്ക്കിടയില്‍ ഹൃദ്രോഗ ലക്ഷണങ്ങള്‍ തലപൊക്കാറുമില്ല. രോഗവിമുക്തി നേടിക്കഴിയുമ്പോഴാണ് ഹൃദ്രോഗം ആഞ്ഞടിക്കുന്നതെന്നും സെന്ററിന്റെ ഈ സര്‍വേ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗികളില്‍ ഹൃദ്രോഗ സമാനമായ ശ്വാസതടസവും നെഞ്ചുവേദനയും ഉണ്ടാകുന്നതിനാല്‍ ചികിത്സ കോവിഡിനു മാത്രമായി പരിമിതപ്പെടുത്തുന്നതും ആപത്തു വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നുവെന്ന് ദുബായ് വെല്‍ കെയര്‍ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഡോ. രവിശങ്കര്‍ സുന്ദരം ചൂണ്ടിക്കാട്ടുന്നു.