കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു...

കണ്ണൂരില്‍ ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി തോറ്റു. മാലൂര്‍ പഞ്ചായത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ആതിരയാണ് പരാജയപ്പെട്ടത്. 38 വോട്ടുകള്‍ മാത്രമാണ് ആതിരക്ക് ഇവിടെ ലഭിച്ചത്. സി.പി.എമ്മിന്‍റെ രേഷ്മ സജീവനാണ് ഇവിടെ വിജയിച്ചത്. മന്നൂര്‍ ധനേഷ് നിവാസില്‍ ധനേഷിന്‍റെ ഭാര്യയായ ആതിര വോട്ടെടെുപ്പിന് മുമ്പാണ് കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം ഒളിച്ചോടിയത്. പ്രചാരണ തിരക്കുകള്‍ക്കിടയിലാണ് ഭര്‍ത്താവും കുട്ടിയുമുളള സ്ഥാനാര്‍ഥി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് വന്നത്. ചില രേഖകള്‍ എടുക്കാനായി വീട്ടില്‍ പോകുന്നുവെന്നാണ് ഭര്‍ത്താവിനോടും പ്രവര്‍ത്തകരോടും സ്ഥാനാര്‍ഥി പറഞ്ഞത്. എന്നാല്‍ സ്ഥാനാര്‍ഥി പിന്നെ തിരിച്ചെത്തിയില്ല. ഒടുവില്‍ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സ്ഥാനാര്‍ഥി കാമുകനൊപ്പം മുങ്ങിയ വിവരം അറിഞ്ഞത്.

വിവാഹത്തിന് മുന്‍പേ സ്ഥാനാര്‍ഥിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസം നാട്ടിലെത്തിയതിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും അടുത്തു. തുടര്‍ന്ന് ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ പിതാവിന്‍റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥി മുങ്ങിയതോടെ വാര്‍ഡിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിരോധത്തിലായിരുന്നു.