വോട്ടെണ്ണൽ ; കോഴിക്കോട് ജില്ലയിലെ ചിലയിടങ്ങളിൽ നിരോധനാജ്ഞ...

കോഴിക്കോട് : വോട്ടെണ്ണല്‍ പ്രമാണിച്ച് ജില്ലയുടെ വടക്കന്‍ മേഖലയില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ സിആര്‍പിസി 144 വകുപ്പ് പ്രകാരം രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ എന്ന് കളക്ടര്‍ എസ്.സാംബശിവറാവു അറിയിച്ചു. വടകര, നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്പ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഇന്നു വൈകുന്നേരം ആറു മുതല്‍ പതിനേഴാം തിയതി വൈകുന്നേരം ആറു വരെ നിരോധനാജ്ഞ ഏര്‍പെടുത്തിയിരിക്കുന്നത്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടാനോ ആയുധങ്ങളുമായി നടക്കാനോ സമാധാനഭംഗമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനോ പാടില്ല.
കോഴിക്കോട് റൂറല്‍ പോലീസ് പരിധിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ അഞ്ഞൂറ് മീറ്റര്‍ ചുറ്റളവില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. വിജയാഹ്ലാദ പ്രകടനത്തില്‍ ഇരുപതിലേറെ പേര്‍ പാടില്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.