സല്യൂട്ട് : ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും ഡിജിപിയുമായ ആര്‍. ശ്രീലേഖ സര്‍വീസില്‍നിന്നു വിരമിച്ചു.

സംസ്ഥാനത്തെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും സംസ്ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍. ശ്രീലേഖ സര്‍വീസില്‍നിന്നു വിരമിച്ചു.

1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ശ്രീലേഖ, കോട്ടയത്ത് എ.എസ്.പിയായാണു സര്‍വീസ് തുടങ്ങിയത്. ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് മേധാവിയായിരിക്കെയാണു വിരമിക്കുന്നത്.

മുന്‍ ഗതാഗത കമ്മീഷണറും കേരള ജയില്‍ ഡി ജി പി യും ബാലസാഹിത്യ കൃതികളും കുറ്റാന്വേഷണ കഥകളുമുള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവുമായ കുറ്റാന്വേഷക കൂടിയാണ് ആര്‍. ശ്രീലേഖ.

1987 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ആര്‍. ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എ.എസ്. പി.യായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്.പി.യായും സേവനമനുഷ്ഠിച്ചു. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും ജോലി ചെയ്തിട്ടുണ്ട്.

നാലുവര്‍ഷത്തോളം സി.ബി.ഐ. കൊച്ചി യൂണിറ്റില്‍ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും ജോലി ചെയ്തു.

റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു.