കണ്ണൂരിൽ കോവിഡ് - 19 വ്യാപനം രൂക്ഷം; നിരോധനാജ്ഞ.

കണ്ണൂർ : കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലക്ടർ ക്രിമിനൽ നടപടിക്രമം 144 പ്രകാരം കർശന നിയന്ത്രണം പ്രഖ്യാപിച്ചു. കോവിഡ് പോസിറ്റീവ് കേസുകളിലുണ്ടായ അനിയന്ത്രിത വർധന നിലവിലുള്ള ആരോഗ്യസംവിധാനങ്ങളുടെ പ്രവർത്തനം തകരാറിലാക്കാനും മനുഷ്യജീവനുതന്നെ ഭീഷണിയാകാനുമുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ്‌ നിയന്ത്രണമെന്ന്‌ ഉത്തരവിൽ പറഞ്ഞു. പത്തിൽ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള വാർഡ്/ ഡിവിഷനുകളിലാണ്‌ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്‌.

ഇതനുസരിച്ച്‌ പൊതു,സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചുപേരിൽ കൂടുതലുള്ള ഒരു കൂടിച്ചേരലുകളും  അനുവദനീയമല്ല. എല്ലാവിധ ഗ്രൂപ്പ് മത്സരങ്ങളും ടൂർണമെന്റുകളും ടർഫുകൾ, ജിം, കരാട്ടെ, കുങ്ങ്ഫു എന്നിവയും അനുവദിക്കില്ല.  ഉത്സവങ്ങളും മറ്റ് മതപരമായ ആഘോഷങ്ങളും പൊതുജന പങ്കാളിത്തം ഒഴിവാക്കി ചടങ്ങുകൾമാത്രമായി പരിമിതപ്പെടുത്തണം. 

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, തട്ടുകടകൾ എന്നിവ സീറ്റിങ്‌ കപ്പാസിറ്റിയുടെ 50 ശതമാനം മാത്രം ആൾക്കാരെ പ്രവേശിപ്പിച്ച് രാത്രി ഒമ്പതുവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാം. 

 മരുന്ന് ഷോപ്പുകൾ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ ഒഴികെയുള്ള കടകൾ വൈകിട്ട്‌ ഏഴുവരെ മാത്രം തുറന്നുപ്രവർത്തിക്കണം.  സർക്കാർ ഓഫീസുകൾ, ബാങ്കുകൾ,  പൊതുഗതാഗത സംവിധാനം എന്നിവ പതിവു പോലെ കോവിഡ്

മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാം.  പൊലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, ആർആർടികൾ എന്നിവർ മേൽ ഉത്തരവുകൾ നടപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 27ന്‌ അർധരാത്രി 12 വരെയാണ്‌ നിരോധനം.

നിരോധനാജ്ഞാ പ്രദേശങ്ങൾ

കണ്ണൂർ കോർപറേഷൻ 

ഡിവിഷൻ 3 കൊക്കേൻ പാറ, 4 പള്ളിക്കുന്ന്, 5 തളാപ്പ്,6 ഉദയംകുന്ന്, 7 പൊടിക്കുണ്ട്, 8 കൊറ്റാളി, 12 കക്കാട് നോർത്ത്,13 ശാദുലിപള്ളി, 14 പള്ളിപ്രം, 15 വാരം, 16 വലിയന്നൂർ, 17 ചേലോറ, 18 മാച്ചേരി, 19 പള്ളിപ്പൊയിൽ, 20 കാപ്പാട്,21 എളയാവൂർ നോർത്ത്, 23 മുണ്ടയാട്, 24 എടച്ചൊവ്വ, 25 അതിരകം, 26 കാപ്പിച്ചേരി,31 ആറ്റടപ്പ, 32 ചാല, 34  ഏഴര, 35 ആലിങ്കീൽ, 37 തോട്ടട, 38 ആദികടലായി, 41 വെത്തിലപള്ളി, 44 ചൊവ്വ, 45 താണ, 49 കസാനക്കോട്ട, 55 പഞ്ഞിക്കയിൽ.

പയ്യന്നൂർ നഗരസഭ

|വാർഡ്‌ 1 കണിയേരി, 3 ഈസ്റ്റ് വെള്ളർ, 4 ഏച്ചിലാംവയൽ, 5 കണ്ടോത്ത്, 6 നോർത്ത് കോറോം, 7 സെൻട്രൽ കോറോം, 12 കാനായി സൗത്ത്, 13 പരവന്തട്ട, 14 കൊക്കോട്ട്, 15 ചിറ്റാരികൊവ്വൽ, 16 പെരുമ്പ, 17 ഹോസ്പിറ്റൽ, 19 ടൗൺ വാർഡ്, 22 കണ്ടങ്കാളി സൗത്ത്, 23 പുഞ്ചക്കാട്, 24 കൊട്ടി, 25 മമ്പലം, 28 ഗ്രാമം ഈസ്റ്റ്, 29 ഗ്രാമം വെസ്റ്റ്, 30 കേളോത്ത് സൗത്ത്, 32 കവ്വായി, 33 താനിയേരി വെസ്റ്റ്, 34 താനിയേരി ഈസ്റ്റ്, 36 അന്നൂർ സൗത്ത്, 37 അന്നൂർ ഈസ്റ്റ്.

തലശേരി നഗരസഭ 

വാർഡ്‌ 5 കുന്നോത്ത്, 6 കാവുംഭാഗം, 8 കുയ്യാലി, 25 കോടിയേരി വെസ്റ്റ്, 28 കോടിയേരി, 38 ടെമ്പിൾ, 40 തിരുവങ്ങാട്, 48 കായ്യത്ത്, 50 ചേറ്റംകുന്ന്. 

ചെറുതാഴം പഞ്ചായത്ത്

വാർഡ്‌ 1 പുറച്ചേരി, 2 ആരതിപ്പറമ്പ്, 4 അരത്തിൽ, 5 പിലാത്തറ, 6 പെരിയാട്ട്, 7 കുളപ്പറം, 10 അതിയടം, 14 കൊവ്വൽ, 15 മണ്ടൂർ, 16 കക്കോന്നി.

 ചെറുപുഴ പഞ്ചായത്ത്

വാർഡ്‌ 3 കോലുവള്ളി, 4 ചുണ്ട, 5 പുളിങ്ങോം, 6 എടവരമ്പ, 7 കരിയിക്കര, 10 കോഴിച്ചാൽ, 15 പ്രാപ്പൊയിൽ, 16 പാറോത്തുംനീർ

ഇരിട്ടി നഗരസഭ

 വാർഡ്‌ 4 എടക്കാനം, 8 നരീക്കുണ്ടം, 22 നടുവനാട്ട്, 30 മണ്ണാറ.

വീണ്ടും 1000 കടന്നു; 
വേണം അതിജാഗ്രത

തുടർച്ചയായ മൂന്നാം ദിനവും ആയിരം കടന്ന് ജില്ലയിലെ കോവിഡ് കേസുകൾ.തിങ്കളാഴ്ച  1175 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച 1451 പേർക്കും ശനിയാഴ്ച 1132 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.  മൂന്നുദിവസംകൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.43 ശതമാനത്തിലേക്കുയർന്നു.

അയഞ്ഞുപോയ ജാഗ്രത തിരികെ പിടിക്കാൻ  വൈകരുതെന്നാണ് 'ആയിരം കടക്കുന്ന' ഈ പ്രതിദിന കണക്കുകൾ സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 1069 പേർക്കും സമ്പർക്കത്തിലൂടെയാണ് ബാധിച്ചത്. ഇതര സംസ്ഥാനത്തുനിന്നെത്തിയ 82 പേർക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും 21 ആരോഗ്യ പ്രവർത്തകർക്കുമാണ്‌  സ്ഥിരീകരിച്ചത്. നഗരങ്ങൾ കേന്ദ്രീകരിച്ച് അതിരൂക്ഷവ്യാപനമാണ്. കണ്ണൂർ കോർപറേഷനിൽ 67 പേർ തിങ്കളാഴ്ച പോസിറ്റീവായി. പയ്യന്നൂർ നഗരസഭയിൽ 65 പേരും  തലശേരി നഗരസഭയിൽ 53 പേരും പാനൂർ നഗരസഭയിൽ 42 പേരുമാണ് പോസിറ്റീവായത്. ചിറക്കൽ (41), കല്യാശേരി (35) , പെരളശേരി (30) പഞ്ചായത്തുകളിലും വ്യാപനതോത് കൂടുതലാണ്.

305 പേർക്ക് രോഗമുക്തി

ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 70218  ആയി. ഇവരിൽ 305  പേർ തിങ്കളാഴ്ച രോഗമുക്തി നേടി. ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60495 ആയി. 367 പേർ മരിച്ചു. ബാക്കി 7812 പേർ ചികിത്സയിലാണ്.

വീടുകളിൽ  7559 പേർ

ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 7559 പേർ വീടുകളിലും ബാക്കി 253 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ്‌. ജില്ലയിൽ  നിരീക്ഷണത്തിലുള്ളത് 22077 പേരാണ്. ഇതിൽ 21482 പേർ വീടുകളിലും 595 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ 785061 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 784583 എണ്ണത്തിന്റെ ഫലം വന്നു. 478 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച മൊബൈൽ ലാബ് സൗകര്യമുപയോഗിച്ച് സൗജന്യ കോവിഡ്‌ ആർടിപിസിആർ പരിശോധന നടത്തും. ആർസി അമല ബേസിക് യുപി സ്‌കൂൾ, കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രം, ഗവ. എൽപി സ്‌കൂൾ വലിയപാറ, ബിഇഎം എൽ പി സ്‌കൂൾ പയ്യന്നൂർ, കോട്ടൂർ സബ്‌സെന്റർ ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ    രാവിലെ 10.30 മുതൽ  3.30വരെയാണ് പരിശോധന. 

109 കേന്ദ്രത്തിൽ
 ഇന്ന് വാക്‌സിനേഷൻ 


ജില്ലയിൽ ചൊവാഴ്‌ച  സർക്കാർ മേഖലയിൽ 101 ആരോഗ്യ കേന്ദ്രത്തിലും പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും കോവിഡ്‌  വാക്‌സിനേഷൻ നൽകും.  കണ്ണൂർ ജൂബിലി മിഷൻ ഹാൾ, കൂത്തുപറമ്പ് മുനിസിപ്പൽ സ്റ്റേഡിയം പവലിയൻ, പയ്യന്നൂർ ബോയ്‌സ് സ്‌കൂൾ എന്നിവയും കോവിഡ്‌   മെഗാ വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.  എല്ലാ കേന്ദ്രങ്ങളിലും  കോവിഷീൽഡാണ്  നൽകുക.

    നാല് സ്വകാര്യ ആശുപത്രികളും വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും. മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ 500-–-1000 പേർക്കുള്ള വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.  45 വയസിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ്‌  മുന്നണി പോരാളികൾ  എന്നിവർക്കാണ് വാക്‌സിനേഷൻ. 

  കണ്ണൂർ മെഡിക്കൽ കോളേജ് അഞ്ചരക്കണ്ടി, കണ്ണൂർ ആസ്റ്റർ മിംസ്, കണ്ണൂർ ട്രസ്റ്റ് ഹോസ്പിറ്റൽ സിറ്റി സെന്റർ, പെരളശേരി എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയാണ്‌ വാക്‌സിനേഷൻ നൽകുന്ന മറ്റു ആശുപത്രികൾ.