മുഴുവൻ 'ഗഗാറിൻ'മാർ.. കൗതുകമായി യൂറി ഗഗാറിൻ സംഗമം. | Yuri Gagarin Meet in Kerala

തിരുവനന്തപുരം : കണ്ണൂരിലൊരു യൂറി ഗഗാറിനുണ്ട്‌. റഷ്യക്കാരനല്ല കേട്ടോ, തനി മലയാളി. എറണാകുളത്തും കായംകുളത്തും ചേർത്തലയിലുമുണ്ട്‌ ഗഗാറിൻമാർ. ഇവരെല്ലാവരും ആദ്യമായി കണ്ടു. വിശേഷങ്ങൾ പങ്കുവച്ചു. യൂറി ഗഗാറിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യൂറി ഗഗാറിന്റെ ബഹിരാകാശയാത്രയുടെ 60ാം വാർഷികത്തോടനുബന്ധിച്ച്‌ റഷ്യൻ കൾച്ചറൽ സെന്ററാണ്‌ കേരളത്തിലെ ഗഗാറിൻമാരെ ഒരുമിച്ചുകൂട്ടിയത്‌. കൊല്ലത്തുനിന്നുവന്ന ആറാം ക്ലാസുകാരൻ ഗഗൻ ഗഗാറിൻ, കായംകുളംകാരൻ പി ജി ഗഗാറിൻ എന്നിങ്ങനെ 16 ഗഗാറിൻമാരെത്തി.

എല്ലാവരുടെ പേരിനുപിന്നിലും കടുത്ത സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ ആരാധകനായ അച്ഛനോ ബന്ധുക്കളോ ഉണ്ട്‌. പേര്‌ പലയിടത്തും തെറ്റിദ്ധരിക്കപ്പെടാറുണ്ടെങ്കിലും ഏവർക്കും അഭിമാനം തന്നെ. ‘യൂറി ഗഗാറിന്റെ ബഹിരാകാശ യാത്രയുടെ പത്താം വാർഷികത്തിലാണ്‌ ജ്യേഷ്ഠനുണ്ടായത്‌. അച്ഛൻ അദ്ദേഹത്തിന്‌ ഗഗാറിനെന്ന്‌ പേരിട്ടു. ചേട്ടൻ മരിച്ചെങ്കിലും പേര്‌ ഉപേക്ഷിക്കാൻ അച്ഛൻ തയ്യാറായില്ല. പിന്നീട്‌ ജനിച്ച എനിക്ക്‌ ആ പേര്‌ ഇടുകയായിരുന്നു’. മക്കളായ ഗഗൻ ഗഗാറിനും ഗീതു ഗഗാറിനുമൊപ്പമെത്തിയ വി വി ഗഗാറിൻ പറയുന്നു.

‘പേര്‌ യൂറി ഗഗാറിൻ എന്നുതന്നെയായിരുന്നു. കൂട്ടുകാർ കളിയാക്കുന്നതിനാൽ  വീട്ടിൽ വഴക്കിട്ട്‌ പേര്‌ മാറ്റി. വലിയ നഷ്ടമായി ഇപ്പോൾ തോന്നുന്നു. ’ ചേർത്തല സ്വദേശിയും ഗഗാറിൻ ബഹിരാകാശയാത്ര നടത്തിയ ദിവസം ജനിച്ച ഗഗാറിൻമാരിലെ മുതിർന്നയാളുമായ പി ഡി ഗഗാറിൻ പറയുന്നു. അധ്യാപകൻ കൂടിയായ പി ജി ഗഗാറിന്‌ ആ പേരിട്ടത്‌ അങ്കിളും ആന്റിയുമാണ്‌. ഗഗ്ഗു, ഗംഗാധരൻ എന്നീ ഇരട്ടപ്പേര്‌ കേൾക്കാറുണ്ടെങ്കിലും  സന്തോഷത്തിലാണ്‌ കൂട്ടത്തിലെ യൂത്തനായ ഈ ഗഗാറിൻ. തൃശൂർകാരൻ ഗഗാറിൻ ടി കടവിലിന്റെ സഹോദരി ‘തെരഷ്‌കോവ’യാണ്‌.

സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്ത ഗഗാറിൻമാർ ഇനിയുമുണ്ട്‌. സിപിഐ എം വയനാട്‌ ജില്ലാ സെക്രട്ടറി പി ഗഗാറിൻ അവരിലൊരാളാണ്‌. 1962 ൽ ജനിച്ച ഗഗാറിന്‌, കടുത്ത സോവിയറ്റ്‌ ആരാധകനും മുതിർന്ന സിപിഐ എം നേതാവുമായ അച്ഛൻ പി കുഞ്ഞിക്കണ്ണനാണ്‌ ആ പേരിട്ടത്‌. സംഗമത്തിൽ നഗരത്തിൽ താമസമാക്കിയ റഷ്യൻ സ്വദേശികളും പങ്കെടുത്തു. സംഗീതജ്ഞൻ കാവാലം ശ്രീകുമാർ, അയ്യപ്പപ്പണിക്കരുടെ ‘ഹേ ഗഗാറിൻ’ കവിത ആലപിച്ചു. ‘ചരിത്രത്തിലെ ആദ്യ ബഹിരാകാശയാത്രയ്ക്ക്‌ റഷ്യ അത്രയധികം പ്രാധാന്യം നൽകുന്നുണ്ട്‌. അതിന്റെ ഭാഗമായാണ്‌ സംഗമം സംഘടിപ്പിച്ചത്‌.’ ഗഗാറിൻമാരെ ഒരുമിച്ചുചേർക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ്‌ റഷ്യൻ കൾച്ചറൽ സെന്റർ ഡയറക്ടറും റഷ്യ ഓണററി കൗൺസലുമായ രതീഷ്‌ സി നായർ.