കോവിഡ് - 19 : ഇന്ത്യയാകെ ലോക്‌ഡൗണിലേക്ക്‌ ; സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണങ്ങൾ. അതീവ ജാഗ്രതയിൽ രാജ്യം.

ന്യൂഡൽഹി : കോവിഡ്‌ പശ്‌ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും അടച്ചുപൂട്ടലിൽ. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടില്ലാത്ത സംസ്ഥാനങ്ങളിൽ കർശനനിയന്ത്രണം തുടരുന്നു. തമിഴ്‌നാട്ടില്‍ ശനിയാഴ്‌ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച 26,000 രോഗികൾ റിപ്പോർട്ട്‌ ചെയ്‌തതിന്‌ പിന്നാലെയാണ്‌ തീരുമാനം. കോവിഡ് കണക്കുകൾ സത്യസന്ധമായി നൽകണമെന്ന്  മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏഴു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കര്‍ശന നിയന്ത്രണം തുടരുന്നു. ഭാ​ഗിക അടച്ചിടല്‍ മുതല്‍ പൂര്‍ണ അടച്ചിടല്‍വരെ ചിലമേഖലകളില്‍ നിലനില‍്ക്കുന്നു.

● കർണാടകം: കർണാടകത്തിൽ വെള്ളിയാഴ്‌ച 10 മുതൽ 24 വരെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. നേരത്തെ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങൾ ഫലം കാണാത്ത പശ്‌ചാത്തലത്തിലാണ്‌ നടപടി.

● രാജസ്ഥാൻ: 10 മുതൽ 24 വരെ രാജസ്ഥാനിലും അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതുവരെ 7,20,799 പുതിയ രോഗികളും 5,346 മരണവും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌.

● ബിഹാർ: ഈ മാസം നാലിന്‌ തന്നെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. 15 വരെയാണ്‌ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിട്ടുള്ളത്‌. നീട്ടുമോയെന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും.

● ഡൽഹി: ഡൽഹിയിൽ ഏപ്രിൽ 19 മുതൽ അടച്ചുപൂട്ടലിന്‌ തുല്യമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്‌. രോഗികൾ കുറയാത്ത പശ്‌ചാത്തലത്തിൽ മൂന്ന്‌തവണ അടച്ചുപൂട്ടൽ കാലാവധി നീട്ടി.

● മഹാരാഷ്ട്ര: സംസ്ഥാനത്ത്‌ ഏപ്രിൽ അഞ്ചുമുതൽ തന്നെ അടച്ചുപൂട്ടലിന്‌ സമാനമായ കർശനനിയന്ത്രണങ്ങളുണ്ട്‌. ആളുകൾ കൂട്ടംകൂടാതിരിക്കാനുള്ള നിരോധനാജ്ഞകളും രാത്രികർഫ്യൂവും നിലവിലുണ്ട്‌.

●പഞ്ചാബ്‌: വാരാന്ത്യ അടച്ചുപൂട്ടലും രാത്രികർഫ്യൂവും മറ്റ്‌ നിയന്ത്രണങ്ങളുമുണ്ട്‌.

●ഉത്തർപ്രദേശ്‌: കോവിഡ്‌ കർശനനിയന്ത്രണങ്ങൾ നിലവിലുണ്ട്‌. കൂടുതൽ കർശനനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും.
മധ്യപ്രദേശ്‌:  കർഫ്യൂ 15 വരെ നിലവിലുണ്ട്‌.

●ഹരിയാന: ഈ മാസം മൂന്ന്‌ മുതൽ ഒരാഴ്‌ച അടച്ചുപൂട്ടലിൽ.

●ഒഡിഷ: ഈ മാസം അഞ്ച്‌ മുതൽ 19 വരെ അടച്ചുപൂട്ടൽ നിലവിലുണ്ട്‌

●ജാർഖണ്ഡ്‌: ഏപ്രിൽ 22 മുതൽ അടച്ചുപൂട്ടലിന്‌ സമാനമായ നിയന്ത്രണങ്ങൾ

●ഛത്തീസ്‌ഗഢ്‌: പല ജില്ലകളിലും 15 വരെ അടച്ചുപൂട്ടൽ നീട്ടി.

●പശ്‌ചിമബംഗാൾ: ഏപ്രിൽ 30 വരെ കർശന നിയന്ത്രണങ്ങളുണ്ട്‌.