കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ
ക്ഷാമമെന്ന്‌ വ്യാജവാർത്ത : പ്രൈം 21 ചാനലിനെതിരെ കേസ്.

കണ്ണൂർ : ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമമെന്ന വ്യാജവാർത്തയുമായി പ്രദേശിക ചാനൽ. കണ്ണൂർ നഗരത്തിലെ പ്രൈം ട്വന്റി വൺ എന്ന ചാനലാണ്‌ ജില്ലാ ആശുപത്രിയി ൽ ഓക്‌സിജൻ കിട്ടാതെ രോഗി പ്രയാസപ്പെടുന്നുവെന്ന രീതിയിൽ തെറ്റായ വാർത്ത നൽകിയത്‌. വാർത്തയ്‌ക്കെതിരെ ആശുപത്രി സൂപ്രണ്ട്‌ ഡോ. വി കെ രാജീവൻ സിറ്റി പൊലീസ്‌‌ കമീഷണർക്ക്‌ പരാതി നൽകി. 

ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഒരു രോഗി ഓക്‌സിജൻ കിട്ടുന്നില്ലെന്ന്‌ ചാനലിൽ വിളിച്ച്‌ പരാതി  പറയുന്ന രീതിയിലാണ്‌ വാർത്ത അവതരിപ്പിച്ചത്‌.  ഇതുസംബന്ധിച്ച്‌ റിപ്പോർട്ടറുമായി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യയുടെ ഫോൺ സംഭാഷണവും  വാർത്തയിൽ ചേർത്തിട്ടുണ്ട്‌. നിലവിൽ ഓക്‌സിജൻ ക്ഷാമത്തിന്റെ  സാഹചര്യമില്ലെന്ന്‌ അവർ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും വസ്‌തുതകളെ വളച്ചൊടിക്കുന്ന രീതിയിലാണ്‌ വാർത്ത അവതരിപ്പിച്ചത്‌. ജില്ലാ ആശുപത്രിയിൽനിന്നാണ്‌ എന്ന വ്യാജേന ഐസിയു ബെഡ്‌ ഉണ്ടോയെന്ന്‌ സ്വകാര്യ ആശുപത്രികളിൽ വിളിച്ച്‌ അന്വേഷിക്കുന്നതിന്റെ ഫോൺ സംഭാഷണവും വാർത്തയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്‌. 

ഓക്‌സിജൻ കിട്ടാതെ ചികിത്സ മുടങ്ങിയ സംഭവം ഇതുവരെ ജില്ലാ ആശുപത്രിയിൽ ഇല്ല. ഓക്‌സിജൻ ഉൽപാദകരായ  ബാൽകോ എയർ പ്രോഡക്ട്‌സുമായുള്ള കരാർ പ്രകാരമാണ്‌ ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ എത്തിക്കുന്നത്‌. നിലവിലെ സാഹചര്യത്തിൽ ബാൽകോയുടെ  വാഹനത്തിന്‌ എത്താൻ പ്രയാസമായതിനാൽ ജില്ലാ ആശുപത്രി തന്നെ ഒരു വാഹനവും ഡ്രൈവറെയും സജ്ജമാക്കിയിട്ടുണ്ട്‌. ഓക്‌സിജൻ സിലിൻഡറുകൾ കാലിയാകുന്ന മുറയ്‌ക്ക്‌  ധർമശാലയിലെ ബാൽകോ പ്ലാന്റിലെത്തി നിറച്ച്‌ തിരിച്ചുകൊണ്ടുവരും. അസിസ്‌റ്റന്റ്‌ കലക്ടറുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഓക്‌സിജൻ വാർ റൂമിലും സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക്‌ ഓക്‌സിജൻ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. 

വാർത്ത അടിസ്ഥാന രഹിതം: പി പി ദിവ്യ

ജില്ലാ ആശുപത്രിയിൽ രോഗിക്ക്‌ ഓക്‌സിജൻ കിട്ടിയില്ലെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ പറഞ്ഞു. ഇപ്പോൾ ഓക്‌സിജന്റെ ആവശ്യകത കൂടുതലാണെങ്കിലും രോഗികൾക്ക്‌ ലഭിക്കാത്ത സാഹചര്യമില്ല.  ജില്ലയിലെ മുഴുവൻ ആശുപത്രികൾക്കും ബാൽകോ കമ്പനി ഓക്‌സിജൻ എത്തിക്കുന്നുണ്ട്‌. വാർ റൂം വഴി പ്രവർത്തനം ഏകോപിപ്പിക്കുന്നുമുണ്ട്‌. വ്യാജവാർത്തയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദിവ്യ പറഞ്ഞു. 

ജനങ്ങളിൽ  
പരിഭ്രാന്തി പടർത്തും:  
ഡോ. വി കെ രാജീവൻ

വസ്‌തുതാവിരുദ്ധമായ വാർത്തകൾ ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി പരത്തുമെന്ന്‌ ജില്ലാ ആശുപത്രി സൂപ്രണ്ട്‌ ഡോ.വി കെ രാജീവൻ.  കോവിഡ്‌ കാലത്ത്‌ കടുത്ത മാനസിക സംഘർഷത്തിലൂടെയാണ്‌ മനുഷ്യജീവിതം കടന്നുപോവുന്നത്‌. രോഗികളിൽ സമ്മർദം വളരെ കൂടുതലായിരിക്കും. ഇത്തരം വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ മാധ്യമങ്ങൾ അൽപംകൂടി സാമൂഹ്യ പ്രതിബദ്ധത കാണിക്കണം. വസ്‌തുതകൾ ബന്ധപ്പെട്ടവരോട്‌ അന്വേഷിച്ച്‌ വാർത്ത നൽകണമെന്നും അദ്ദേഹം പറഞ്ഞു.