BJP കുഴൽപ്പണ കേസ്, അന്വേഷണം സംസ്ഥാന നേതൃത്വത്തിലേക്ക് എന്ന് സൂചന, പ്രധാന വിവരങ്ങൾ പോലീസിന് ലഭിച്ചു..

ബി.ജെ.പി കുഴല്‍പ്പണക്കേസ് അന്വേഷണം ആലപ്പുഴയിലെ ബി.ജെ.പി നേതാവിലേക്ക് നീളുന്നു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ സ്വദേശിയും ബി.ജെ.പി ജില്ലാ ട്രഷററുമായ കെ.ജി കര്‍ത്തയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

ആർ.എസ്.എസ്. ബി.ജെ.പി പ്രവർത്തകരായ ധർമ്മരാജനേയും സുനിൽ നായിക്കിനേയും ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചത്. കർണാടകയിലെ ചില ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്നാണ് പണം എത്തിയതെന്നും ആലപ്പുഴ ബി.ജെ.പി ട്രഷററായ കെ.ജി കർത്തയ്ക്കായാണ് പണം എത്തിയതെന്നും വിവരം ലഭിച്ചു. ഇയാളെ പോലീസ് ചോദ്യം ചെയ്യും. ബി.ജെ.പി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമുള്ള ആളാണ് കർത്ത.

അതേസമയം, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ഗണേശൻ.ബി.ജെ.പി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി.ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിരുന്നു. എന്നാൽ ഇവർ ഹാജരാകാൻ തയാറായില്ല. അന്വേഷണ സംഘത്തോട് 2 ദിവസം കഴിഞ്ഞേ ഹാജരാകാൻ സാധിക്കൂ എന്നറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തുന്നതിനാണ് 2 ദിവസം ആവശ്യപ്പെട്ടതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ബി.ജെ.പി ജില്ലാ നേതാക്കളായ സുജയ സേനൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി എന്നീ ജീല്ലാ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. കുഴൽപ്പണം കടത്തു സംഘത്തിന് തൃശ്ശൂർ ജില്ലയിൽ ആവശ്യമായ സഹായങ്ങൾ നൽകിയത് ഇവരാണെന്നാണ് പോലീസിന് ലഭിച്ച വിവരം.