മുൻ മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു. | Veteran Politician R Balakrishnapilla Passed Away

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം.

മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം. വെന്‍റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില വഷളായത് കഴിഞ്ഞ ദിവസമാണ്.

കേരളാ കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. 1960ല്‍ 25ാം വയസിലാണ് നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോക്‌സഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇ കെ നായനാര്‍, എ കെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.

കേരള രൂപീകരണത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കരുത്തുറ്റ നേതാവായിരുന്നു ആര്‍ ബാലകൃഷ്ണപിളള.കേരള കോണ്‍ഗ്രസ്സിന്‍റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹംപഞ്ചായത്ത് അധ്യക്ഷ സ്ഥാനം മുതല്‍ മന്ത്രി സ്ഥാനം വരെയുളള നിരവധി പ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കേരള ചരിത്രത്തിലെ നിരവധി അപൂര്‍വ്വ റെക്കോര്‍ഡുകളുടെഉടമയാണ് ആര്‍ ബാലകൃഷ്ണപിളള.മരണത്തിന് ശേഷവും ഭേദിക്കാനാകാത്ത റെക്കോര്‍ഡുകളും ബാലകൃഷ്ണപിളളയുടേതായി കുറിക്കപ്പെട്ടിട്ടുണ്ട്.