ഓർമ്മകളിൽ പോപ്പ് മാന്ത്രികൻ, മൈക്കിൾ ജാക്സന്റെ ഓർമ്മകൾക്ക് 12 വർഷം.. ഇന്നും തകർക്കാനാകാത്ത ഇതിഹാസം, MJ എന്ന മൈക്കിൾ ജാക്സന്റെ ജീവിതത്തിലൂടെ... | Michael Jackson


2009 ജൂണ്‍ 25, ഞായറാഴ്‌ച.. സമയം ഉച്ചകഴിഞ്ഞ് 3.15... പോപ് ഇതിഹാസം വിടവാങ്ങിയെന്ന വാർത്ത കേട്ട കോടാനുകോടി ആളുകൾ ഗൂഗിൾ, വിക്കിപീഡിയ, ട്വിറ്റർ, എഒഎൽ തുടങ്ങിയ സൈറ്റുകളിൽ സത്യാവസ്ഥ തിരഞ്ഞു. സെർച്ച് എഞ്ചിനുകളിൽ സൈബർ ആക്രമണമെന്നാണ് ഗൂഗിളിന് ആദ്യം തോന്നിയത്. അങ്ങനെ മൈക്കിൾ ജാക്സൺ എന്ന കീവേർഡ് പോലും ഗൂഗിൾ എടുത്തുമാറ്റി. ആളുകളുടെ അതിപ്രസരമുണ്ടായതോടെ ട്വിറ്ററും വിക്കിപീഡിയയും പ്രവര്‍ത്തനരഹിതമായി...

150 വയസുവരെ ജീവിച്ചിരിക്കണമെന്ന ആഗ്രഹവും അതിനായുള്ള അദ്ദേഹത്തിന്‍റെ കരുതലുകളും വിഫലമാക്കി തന്‍റെ അമ്പതാം വയസില്‍ ജാക്‌സൺ മരണത്തിന് കീഴടങ്ങി. ഹൃദയസ്‌തംഭനം, ലോസ് ആഞ്ചൽസിലെ യുസിഎല്‍എ മെഡിക്കല്‍ കോളജിൽ വച്ച് മൈക്കിള്‍ ജാക്സണ്‍ അന്തരിച്ചു....ലോകത്തെ നിശ്ചലമാക്കിയ ആ വാര്‍ത്ത ലോകത്തെല്ലായിടത്തും ടിവികളിൽ പ്രധാന വാർത്തയായും പിറ്റേന്ന് പത്രക്കുറിപ്പിലെ പ്രഥമ വാർത്തായായും നിറഞ്ഞു. പല കോണുകളിൽ നിന്നുള്ള മനുഷ്യർ പോപ് രാജാവിന്‍റെ മരണാനന്തര ചടങ്ങുകൾ തത്സമയം കണ്ടു.

കൺമറഞ്ഞ് 12 വർഷം പിന്നിട്ടിട്ടും ഈ ദശകത്തിലെ കുരുന്നുകൾ പോലും റോബോട്ട് സ്റ്റൈലും മൂൺ വാക്കും ആന്‍റി ഗ്രാവിറ്റി ലീൻ സ്റ്റെപ്പുകളും പരീക്ഷിക്കുന്നുവെങ്കിൽ എംജെ എന്ന ഇതിഹാസം എത്രമാത്രം അമാനുഷികനായിരുന്നിരിക്കണം.

ശരീരചലനങ്ങൾ മുന്നോട്ട് നീങ്ങുന്ന പ്രതീതിയുണ്ടാക്കുമ്പോൾ, കാലുകൾ മാത്രം പിന്നോട്ട് ചലിക്കുന്നു... ഭൂമിയുടെ ആകർഷണം പോലുള്ള പ്രകൃതിപ്രതിഭാസമില്ലാത്ത ചന്ദ്രോപരിതലത്തിൽ ഒഴുകി നടക്കുകയാണെന്ന് തോന്നും... ജെഫ്രി ഡാനിയൽ എന്ന ഗായകനാണ് മൂൺ വാക്കിന്‍റെ അഗ്രഗാമിയെങ്കിലും നിലാനടത്തത്തിൽ അഗ്രഗണ്യനായത് മൈക്കിൾ ജാക്‌സൺ തന്നെയാണ്.

അദ്ദേഹത്തെ പോപ് രാജാവ് എന്ന നിർവചനത്തിൽ മാത്രം ഒതുക്കാനാവില്ല... ഒന്നുമില്ലാത്തിടത്ത് നിന്നും ലോകത്തിന്‍റെ പരമകോടിയെ കീഴടക്കി പ്രശസ്‌തിയിലും സമ്പത്തിലും ആഢ്യത്തം നേടിയ സംഗീതത്തിലെ ജാലവിദ്യക്കാരൻ.

എംജെയെന്നും മൈക്കിൾ ജാക്‌സണെന്നും മാനം മുട്ടെ പേരെടുത്ത പോപ് ഗായകൻ ഇന്നും അനുകരണീയമല്ലാത്ത ഡാൻസറും ഗാനരചയിതാവും സംഗീത സംവിധായകനും അഭിനേതാവുമെല്ലാമാണ്. ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സെലിബ്രിറ്റിയെന്ന റെക്കോഡും ഇന്നും ആരും ഭേദിച്ചിട്ടില്ല.

1958 ഓഗസ്റ്റ് 29ന് അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തെ ഗാരി എന്ന പട്ടണത്തില്‍ ജോ- കാതറീൻ ജാക്‌സൺ ദമ്പതികളുടെ എട്ടാമത്തെ കുട്ടിയായി ജനിച്ചു. തന്‍റെ അഞ്ചാം വയസുമുതൽ കർക്കശക്കാരനായ അച്ഛന്‍റെ കൈപ്പിടിയിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയതോടെ കുഞ്ഞു ജാക്‌സണിന് തന്‍റെ ബാല്യം നഷ്‌ടമായി. താൻ കണ്ട സ്വപ്‌നങ്ങളെല്ലാം അഞ്ച് മക്കളിലൂടെ നേടാനാഗ്രഹിച്ച അച്ഛനിൽ നിന്നും ശകാരവും ബെൽറ്റിനുള്ള അടിയും സഹിച്ചാണ് ജാക്‌സൺ സഹോദരങ്ങൾ സംഗീതം പരിശീലിച്ചത്.

ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍ എന്നീ സഹോദരങ്ങൾക്കൊപ്പം 1960കളുടെ പകുതിയിൽ അച്ഛന്‍റെ ശിക്ഷണത്തിൽ 'ദി ജാക്സൺ 5' എന്ന ബാന്‍റ് തുടങ്ങി. വേദികളെ പ്രകമ്പനം കൊള്ളിച്ച് മ്യൂസിക് ബാന്‍റ് പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിയപ്പോൾ ട്രൂപ്പിലെ ഏറ്റവും ഇളയവനായ മൈക്കിളിന്‍റെ പാട്ടും ദ്രുതചലനങ്ങളും പ്രേക്ഷകരെ നേടിയെടുത്തു. 1971 മുതൽ മൈക്കല്‍ ജാക്സണിന്‍റെ സോളോ പ്രകടനങ്ങൾ ആരംഭിച്ചു. ഈ ദശകത്തിന്‍റെ അവസാനമെത്തിയപ്പോൾ മൈക്കിൾ ജാക്സൺ ലോകമെമ്പാടുമുള്ള ആസ്വാദകഹൃദയത്തിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു.

മോടൗൺ 25: യെസ്റ്റർഡേ, ടുഡേ, ഫോറെവർ... 1983, മാർച്ച് 25, ജോ ജാക്സണിന്‍റെ അഞ്ചു മക്കളും തകർത്താടുന്ന വേദിയിൽ 45 മില്യണിലധികം കാണികളുടെയം വീക്ഷണം മൈക്കിളിന്‍റെ ചലനങ്ങളിലേക്ക് ചെന്ന് പതിക്കുകയാണ്. സെക്കൻഡുകൾ മാത്രം ദൈർഘ്യമുണ്ടായിരുന്ന മൂൺ വാക്കും തൊട്ടുപിന്നാലെ എംജെയുടെ ട്രേഡ്‌മാർക്ക് കൂടിയായ കാൽ വിരൽത്തുമ്പിൽ നിന്നുള്ള ചുവടും... കാണികൾ ആർത്തുവിളിച്ചു. മൂൺവാക്കിന്‍റെ മുൻഗാമികൾക്കൊന്നും ലഭിക്കാത്ത സ്വീകാര്യതയും പ്രശസ്‌തിയും മെക്കിളിന് സിദ്ധിച്ചതിന് പിന്നിലെ കാരണം പോപ് സംഗീതത്തിനൊപ്പമുള്ള എംജെയുടെ അതിശയകരമായ കൊറിയോഗ്രാഫി കൂടിയാണ്.

തറയിൽ ഉറപ്പിച്ചുനിർത്തിയ ഷൂ... 45 ഡിഗ്രി മുന്നോട്ട് വളഞ്ഞ് മൈക്കിൾ ജാക്‌സൺ ചുവട് വക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ സ്മൂത് ക്രിമിനല്‍ എന്ന വീഡിയോയിലെ പ്രകടനം. സഹനര്‍ത്തകരും ഈ ചുവട് വെക്കുന്നുണ്ടെങ്കിലും ഒരുപടി കൂടിയ നിലയിലായിരുന്നു എംജെയുടെ പ്രകടനം, അത് കാണികളെയും ആവേശത്തിലാക്കി.

പേറ്റന്‍റ് നേടിയ ആ ഷൂ മാത്രമല്ല മൈക്കിൾ ജാക്‌സണിന്‍റെ അത്ഭുത പ്രകടനത്തിന് പിന്നിലെന്ന് ഇപ്പോഴും ആസ്വാദകർ കണക്കാക്കുന്നു. അയാളൊരു അമാനുഷികനാണെന്നും ജാലവിദ്യക്കാരനാണെന്നും ലോകം ഇന്നും വിശ്വസിക്കുന്നതിന് കാരണം ഒരു നർത്തകന് പരമാവധി 30 ഡിഗ്രി വരെയാണ് നട്ടെല്ല് വളക്കാനാവുക എന്ന വൈദ്യശാസ്‌ത്രത്തിന്‍റെ വിലയിരുത്തൽ കൂടി പരിഗണിച്ചാണ്.

റോബോട്ട് സ്റ്റൈലും ഐസൊലേഷനുമെല്ലാം എംജെയുടെ ഹിറ്റ് സ്റ്റെപ്പുകളാണെങ്കിലും മൂൺവാക്കിലൂടെയുള്ള അദ്ദേഹത്തിന്‍റെ ജാലവിദ്യ ഇന്നത്തെ തലമുറയും അനുകരിക്കുന്നുണ്ട്.

ബീറ്റ് ഇറ്റ്, ത്രില്ലർ തുടങ്ങിയ ആൽബങ്ങൾ അക്ഷരാർഥത്തിൽ ജാക്‌സണിന്‍റെ സിനിമകൾ തന്നെയാണ്. പാട്ടിനൊപ്പം നൃത്തം ചെയ്‌ത് കഥ പറയുന്ന തന്‍റെ ഓരോ വീഡിയോയും സിനിമയാണെന്ന് അദ്ദേഹം പറഞ്ഞത് ശരിവക്കുന്നത് പോലെ.

ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ, ബ്ലാക്ക് ആന്‍റ് വൈറ്റ് തുടങ്ങിയ ആൽബങ്ങളിലെ മൈക്കിളിന്‍റെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും സംഗീതവും ദശലക്ഷക്കണക്കിന് ആരാധകരെ ആസ്വാദനത്തിന്‍റെ മൂർത്തഭാവത്തിലെത്തിച്ചു. ജാക്‌സണിന്‍റെ 'ത്രില്ലർ' ആൽബം ആഗോളതലത്തിൽ വിറ്റഴിച്ചത് 10 കോടി കോപ്പികളാണ്.

ഇതിനു പുറമെ, പോപ് രാജാവിന്‍റെ ഓഫ് ദ വാൾ(1979), ബാഡ് (1987), ഡെയ്ഞ്ചൊറസ്(1991)ഹിസ്റ്ററി(1995) സോളോ സ്റ്റുഡിയോ ആൽബങ്ങളും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു. ലോകമൊട്ടാകെയായി മൈക്കള്‍ ജാക്സന്‍റെ ഏകദേശം 100 കോടി പ്രതികൾ വിറ്റഴിച്ചിട്ടുള്ളതായാണ് കണക്കുകൾ.

ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോഡിന് പുറമെ വിറ്റഴിച്ച മ്യൂസിക് ആൽബങ്ങളിലൂടെയും റെക്കോഡ് പുസ്‌തകത്തിൽ അദ്ദേഹം ഇടംപിടിച്ചു. അഭിനയത്തിലെ ഓസ്‌കറെന്ന പോലെ പാട്ടിന് മൈക്കിൾ ജാക്‌സൺ വാരിക്കൂട്ടിയത് 13 ഗ്രാമി അവാർഡുകളായിരുന്നു.

ഇത് കൂടാതെ, ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരവും പോപ് ഇതിഹാസത്തിനുള്ള ആദരവായിരുന്നു. 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങൾ... 1980ൽ ദശാബ്ദത്തിന്‍റെ കലാകാരനും നൂറ്റാണ്ടിന്‍റെ കലാകാരനുമുള്ള ബഹുമതികൾ...

അച്ഛനിൽ നിന്നുപോലും കറുത്തവനെന്ന് കേട്ട വിരൂപണത്തിന്‍റെ അപമാനങ്ങൾ മൈക്കിളിന്‍റെ രൂപമാറ്റത്തിന് പോലും കാരണമായിട്ടുണ്ട്. കറുപ്പിനും വെളുപ്പിനുമിടയിൽ ജീവിച്ച പോപ് യുഗപുരുഷൻ സംഗീതത്തിലൂടെ വർണ വിവേചനത്തിന്‍റെ അതിർ വരമ്പുകൾ തകർത്തെറിയുക കൂടിയായിരുന്നു.

എന്നിട്ടും ജീവിച്ചിരുന്നപ്പോഴും ശേഷവും മൈക്കിൾ ജാക്‌സൺ വിവാദത്തിന്‍റെ തോഴനായിരുന്നു. ബാലപീഡകന്‍, സ്വവര്‍ഗാനുരാഗി, മയക്കുമരുന്ന് ഉപയോഗിക്കുന്നവന്‍... തുടങ്ങി ഒരോ ആരോപണങ്ങളും അദ്ദേഹത്തിന്‍റെ പേരിൽ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. രൂപമാറ്റത്തിനും വെളുപ്പിനുമായി മൈക്കിൾ ശസ്ത്രക്രിയകൾക്കും വിധേയനായിരുന്നു.

മേക്കപ്പ് അണിഞ്ഞ് ഒരു ജാലവിദ്യക്കാരനെ പോലെ ഡാൻസറിന്‍റെ കുപ്പായമണിഞ്ഞ് കോടാനുകോടി ജനങ്ങളുടെ ആരവങ്ങൾക്ക് മുൻപിൽ, വേദിയിലെ സ്‍പോട്ട് ലൈറ്റിന് കീഴില്‍ മൈക്കിൾ ജാക്‌സൺ പ്രത്യക്ഷപ്പെടുന്നു. പിന്നീട് ലോകം ഉറ്റുനോക്കുന്ന അനുസ്യൂത പോപ് സംഗീതവും അവിരാമ നൃത്തപ്രകടനവും...

Tags : 
പോപ് ഇതിഹാസം മരണം വാർത്ത മൈക്കിൾ ജാക്സൺ വാർത്ത എംജെ 12 വർഷം മരണം വാർത്ത memory legend michael jackson news latest pop king mj news michel jackson 12th death news മൈക്കിൾ ചരമവാർഷികം വാർത്ത മൈക്കിൾ ജാക്‌സൺ ഓർമദിവസം വാർത്ത
മൈക്കിൾ ജാക്‌സൺ ജീവകാരുണ്യപ്രവർത്തനങ്ങൾ