കോവിഡ് - 19 : അൺലോക്ക് രണ്ടാം ദിവസത്തിലേക്ക്, സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസ് ആരംഭിക്കും, നിബന്ധനകൾ ഇങ്ങനെ...

അൺലോക്ക് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്ന് മുതൽ സ്വകാര്യ ബസുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരത്തിലോടുകയാണ്.ഒറ്റ -ഇരട്ട അക്ക നമ്പറിന്‍റെ അടിസ്ഥാനത്തിൽ മാറി മാറി ഓരോ ദിവസം ഇടവിട്ടാണ് സ്വകാര്യ ബസുകൾ ഓടുക. ഈ മാനദണ്ഡം അനുസരിച്ച് ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്കാണ് നിരത്തിലിറങ്ങാൻ അനുമതിയുള്ളത്.

തിങ്കളാഴ്ച ദിവസം ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്താം.ഒന്നിടവിട്ട ദിവസങ്ങളിൽ ഇതേ മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യബസുകൾക്ക് നിരത്തിലെത്താമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

ബുധൻ, വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്തണം. ശനിയും ഞായറും സർവീസ് അനുവദനീയമല്ല. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് ഗതാഗത മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിതീവ്ര രോഗബാധയുള്ള സ്ഥലങ്ങളിലൊഴികെ കെഎസ്ആർടിസി ഇന്നലെ തന്നെ സർവ്വീസ് ആരംഭിച്ചിരുന്നു. കെഎസ്ആർടിസി 1528 സർവ്വീസുകളാണ് നടത്തിയത്. കെഎസ്ആർടിസി തിരുവനന്തപുരം സോണിന് കീഴിൽ 712, എറണാകുളം സോണിന് കീഴിൽ 451, കോഴിക്കോട് സോണിന് കീഴിൽ 365 സർവ്വീസുകളാണ് നടത്തിയത്. ആകെ നടത്തിയ 1528 സർവ്വീസുകളിൽ 583 ദീർഘദൂര സർവ്വീസുകളാണ്.

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ സംസ്ഥാനം തുറന്നതോടെ ജനജീവിതം പതിയെ സാധാരണനിലയിലേക്ക് മാറി വരികയാണ്.സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളെല്ലാം സജീവമായിട്ടുണ്ട്. ഇളവുകളുള്ള 147 തദ്ദേശസ്ഥാപന പരിധികളിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയത്. അതേസമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്.