BJP കുഴൽപ്പണ കുരുക്ക് അഴിയുന്നില്ല. ധർമ്മരാജന്റെ ഹർജിയിന്മേൽ റിപ്പോർട്ട് സമർപ്പിച്ചു.

കൊടകര കുഴൽപ്പണകേസിൽ പണം തിരിച്ചു നൽകണമെന്ന ധർമ്മരാജന്റെ ഹർജിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കവേ പണം വിട്ടു കൊടുക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. ഇരിങ്ങാലക്കുട കോടതിയിലാണ് റിപ്പോർട്ട് നൽകിയത്.

ധർമ്മരാജന്റെ ഹർജിയിലെയും മൊഴിയിലെയും വൈരുദ്ധ്യമാണ് സംഘം ചൂണ്ടികാട്ടിയത്. കവർച്ച ചെയ്യപ്പെട്ട മൂന്നര കോടിയിൽ മൂന്നേക്കാല്‍ കോടി തന്റെയും 25 ലക്ഷം സുനിൽ നായിക്കിന്റെയുമാണെന്നാണ് ധർമ്മരാജൻ കോടതിയെ അറിയിച്ചിരിക്കുന്നത്. അതേ സമയം താൻ പണമെത്തിക്കുന്ന ഏജന്റ് മാത്രമെന്നാണ് ധർമ്മരാജന്റെ മൊഴി. ഹർജി കോടതി ഈ മാസം 23 പരിഗണിക്കും.

അതേ സമയം കൊടകര കുഴൽപ്പണക്കേസ് ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ അന്വേഷണം കൈമാറണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.