ജീവന്റെ വിലയുള്ള രക്തം, ജീവനാണ് ഓരോ തുള്ളി രക്തവും; ഇന്ന് ലോക രക്തദാന ദിനം. | World Blood Donation Day June 14

രക്തദാനം മഹാദാനമെന്ന് പലരും കേട്ടുകാണും. അതെ, ഒരു ജീവന്‍ തന്നെ രക്ഷിക്കാന്‍ കെല്‍പുള്ളതാണ് ഓരോ തുള്ളി രക്തവും. ജീവന്‍ രക്ഷിക്കാനുള്ള ഉപാധിയായി സുരക്ഷിതമായ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വര്‍ഷവും ജൂണ്‍ 14 ന് ലോക രക്തദാന ദിനം ആഘോഷിക്കുന്നു. ഈ കോവിഡ് മഹാമാരി കാലയളവില്‍, മിക്ക രോഗികളുടെയും ആരോഗ്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിനായി രക്തദാതാക്കള്‍ നല്‍കുന്ന പങ്ക് ചെറുതല്ല.

ഈ പകര്‍ച്ചവ്യാധി ഘട്ടത്തിലും, ആവശ്യമുള്ള രോഗികള്‍ക്ക് രക്തദാതാക്കള്‍ രക്തവും പ്ലാസ്മയും ദാനം ചെയ്യുന്നത് തുടരുകയാണ്. അടിയന്തിര സമയങ്ങളില്‍ സുരക്ഷിതവും ആവശ്യമുള്ളതുമായ രക്ത വിതരണം ഉറപ്പാക്കുന്നതില്‍ പ്രതിബദ്ധതയുള്ള തലമുറയുടെ സേവനം വളരെ മഹത്തരമാണ്. ലോക രക്തദാന ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും സന്ദേശവും എന്തെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

രക്തദാന ദിനം 2021.

സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക, ദശലക്ഷക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായി പ്രതിഫലമില്ലാതെ സന്നദ്ധ രക്തംദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ജൂണ്‍ 14ന് ലോകമെമ്പാടും രക്തദാന ദിനമായി ആചരിക്കുന്നത്. ഇതുകൂടാതെ, രക്തദാനത്തിനും രക്തം നേടുന്നതിനുമുള്ള സുരക്ഷിതമായ മാര്‍ഗ്ഗങ്ങളെക്കുറിച്ച് പൊതുജനാരോഗ്യ മേഖലയില്‍ അവബോധം സൃഷ്ടിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.

രക്തദാന ദിനം ചരിത്രം.

2005 ജൂണ്‍ 14 നാണ് ഈ ദിനം ആദ്യമായി ലോകാരോഗ്യ സംഘടന സംഘടിപ്പിച്ചത്. രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ ലാന്‍ഡ്സ്‌റ്റൈനറിന്റെ ജന്മവാര്‍ഷികമാണ് ജൂണ്‍ 14. ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ്, റെഡ് ക്രസന്റ് സൊസൈറ്റികള്‍ എന്നിവരുമായി സഹകരിച്ച് 2004 ജൂണ്‍ 14 നാണ് ലോകാരോഗ്യ സംഘടന ഈ ദിവസം കൊണ്ടാടാനുള്ള ആശയം കൊണ്ടുവന്നത്. 2005 മെയ് മാസത്തില്‍ ലോകാരോഗ്യ സംഘടന അതിന്റെ 192 അംഗരാജ്യങ്ങളുമായി 58-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ രക്തദാതാക്കളുടെ ദിനം ഔദ്യോഗികമായി സ്ഥാപിച്ചു. അതിനുശേഷം, ജനങ്ങളില്‍ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും ലോകമെമ്പാടുമുള്ള വിവിധ രക്തദാതാക്കള്‍ക്ക് നന്ദി അറിയിക്കുന്നതിനുമായി ഈ ദിനം ആഘോഷിച്ചുവരുന്നു.

രക്തദാന ദിനം 2021 സന്ദേശം.

'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിര്‍ത്തൂ' എന്നുള്ളതാണ് ഈ വര്‍ഷത്തെ രക്തദാന ദിനാചരണ സന്ദേശം. ലോകജനതയുടെ രക്ഷയ്ക്കായി രക്തദാതാക്കള്‍ നല്‍കിയ സംഭാവനയെ ഇത് എടുത്തുകാണിക്കുന്നു. ജീവന്‍ രക്ഷിക്കുന്നതിലും രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും രക്തദാതാക്കളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

രക്തദാന ദിനം പ്രാധാന്യം.

പല രാജ്യങ്ങളിലും, ആരോഗ്യരംഗത്ത് അവിടത്തെ പൊതുജനങ്ങള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് രക്തക്ഷാമം. രക്തദാനമാണ് ഇതിന് പ്രധാന പരിഹാരം. പ്രത്യേകിച്ച് കോവിഡ് 19 സമയത്ത്, മാരകമായ വൈറസ് ബാധിച്ചവര്‍ക്ക് പ്ലാസ്മയും രക്തദാനവും പ്രതീക്ഷയുടെ വിളക്കാണ്. നിരവധി ജീവന്‍ രക്ഷിക്കാന്‍ ഇതിന് സാധിക്കുന്നു.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും
ഈ വര്‍ഷത്തെ ആതിഥേയത്വം
ഈ വര്‍ഷത്തെ ആതിഥേയത്വം

ഈ വര്‍ഷം 2021 ജൂണ്‍ 14 ന് റോമിലായിരിക്കും ലോക രക്തദാന ദിനത്തിന്റെ ആഗോള ഇവന്റ് നടക്കുക. ഇറ്റലിയാണ് ഇതിനായി നാഷണല്‍ ബ്ലഡ് സെന്റര്‍ വഴി ആതിഥേയത്വം വഹിക്കുന്നത്.
രക്തം ദാനം ചെയ്യാവുന്നത് ആര്‍ക്ക്
രക്തം ദാനം ചെയ്യാവുന്നത് ആര്‍ക്ക്

18 നും 55 നും ഇടയില്‍ പ്രായമുള്ള ആളുകളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതാണ് ഏറ്റവും ഉത്തമം. ആരോഗ്യമുള്ള ഒരാള്‍ക്ക് 450 മില്ലി വരെ രക്തം ഒറ്റത്തവണ ദാനം ചെയ്യാന്‍ കഴിയുമെന്ന് കണക്കാക്കുന്നു. രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കാര്യക്ഷമമായ രക്ത പരിശോധനകള്‍ക്ക് ശേഷം മാത്രമേ രക്തം ദാനം ചെയ്യാന്‍ പാടുള്ളൂ. രക്തം ദാനം ചെയ്യുന്നതിലൂടെ രക്തദാതാവിന്റെ ശരീരത്തില്‍ പുതിയ രക്തകോശങ്ങള്‍ വളരുകയും ശരീരത്തിന് കൂടുതല്‍ പ്രവര്‍ത്തന ക്ഷമതയും ഉന്മേഷവും കൈവരികയും ചെയ്യും.