കോവിഡ് - 19 : ഇത് മൂന്നാം തരംഗ പ്രാരംഭമോ ? മുന്നറിയിപ്പോടെ ലോകാരോഗ്യ സംഘടന : ലോക രാജ്യങ്ങൾ ജാഗ്രതയിൽ, വേണം നമുക്കും മുൻകരുതൽ...

കൊവിഡ് മഹാമാരി ഇപ്പോള്‍ മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ്. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ആഗോളതലത്തില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യു എച്ച് ഒയുടെ പുതിയ മുന്നറിയിപ്പ്.

'നിര്‍ഭാഗ്യവശാല്‍ നമ്മള്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്'. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം പറഞ്ഞു.

'ഡെല്‍റ്റ വകഭേദം ഇതിനോടകം 111 രാജ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ലോകമെമ്പാടും വ്യാപിക്കുന്ന ഒരു പ്രബലമായ തരംഗമായി ഇത് മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ ഇതിനോടകം തന്നെ അത് വ്യാപിച്ച് കഴിഞ്ഞു' യു എന്‍ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചകൊണ്ട് ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.

കൊറോണ വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഫലമായി കൂടുതല്‍ വ്യാപനശേഷിയുള്ള വകേഭദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലും വടക്കന്‍ അമേരിക്കയും പ്രതിരോധ കുത്തിവെയ്പ്പ് നിരക്ക് ഉയര്‍ത്തിയത് കാരണം കൊവിഡ് കേസുകളും മരണങ്ങളും കുറച്ചുകാലമായി കുറഞ്ഞുവരികയാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ആഗോള പ്രവണത നേരെ വിപരീതമാണ്. കേസുകള്‍ വീണ്ടും ഉയരുന്നു.

ലോകാരോഗ്യ സംഘടനയുടെ ആറ് മേഖലകളിലൊഴികെ മറ്റെല്ലായിടത്തും കഴിഞ്ഞ തുടര്‍ച്ചയായി നാല് ആഴ്ചകളായി കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 10 ആഴ്ചത്തോളമായി ക്രമാനുഗതമായ ഇടിവിന് ശേഷമാണ് മരണവും ഉയരുന്നത്.

ഡെല്‍റ്റ വകഭേദമാണ് വ്യാപനത്തിന് കാരണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കൊവിഡിന് പ്രതിരോധ കുത്തിവയ്പ്പ് പ്രധാനമാണ്. പക്ഷേ അതുകൊണ്ട് മാത്രം മഹാമാരിയെ തടയാനാകില്ല. സമഗ്രമായ റിസ്‌ക് മാനേജ്മെന്റ് സമീപനം വേണ്ടതുണ്ടെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു.

കൊവിഡ് വാക്സിനുകളുടെ കാര്യത്തില്‍ ആഗോളതലത്തില്‍ ഞെട്ടിപ്പിക്കുന്ന അസമത്വമാണ് ഉള്ളതെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. 'ഈ അസമത്വത്തിന്റെ ഫലമായി വിവിധ രാജ്യങ്ങള്‍ വൈറസിനെതിരായ പോരാടുന്നതിന് പ്രത്യേക സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ ഫലമായി ടു-ട്രാക്ക് മഹാമാരിയുണ്ടാകുന്നു. വാക്സിനുകള്‍ ലഭ്യമായ രാജ്യങ്ങള്‍ക്കുള്ളതാണ് ഒരു ട്രാക്ക്. അവര്‍ നിയന്ത്രണങ്ങള്‍ നീക്കുകയും വിപണികള്‍ തുറന്നിടുകയും ചെയ്യുന്നു. രണ്ടാമത്തെ ട്രാക്ക് വാക്സിന്‍ ലഭ്യമല്ലാത്തവര്‍ക്കുള്ളതാണ്. 'വൈറസിന്റെ കാരുണ്യ'ത്തില്‍ അവര്‍ അവശേഷിക്കുന്നു' ടെഡ്രോസ് അഥനോം പറഞ്ഞു.