ശക്തമായ മഴയാണോ ? ശനിയാഴ്ചയ്ക്ക് ശേഷം മഴ കുറയും, ജൂലൈ 20 -ന് ശേഷം ന്യൂനമർദ്ധവും.. കൂടുതൽ കാലാവസ്ഥാ അറിയിപ്പുകൾ ഇവിടെ വായിക്കാം..

വടക്ക്, മധ്യ കേരളത്തിലെ ശക്തമായ മഴ നാളെ രാത്രി മുതല്‍ ശക്തി കുറയും. ശനിയാഴ്ച മുതല്‍ മഴ ദീര്‍ഘ ഇടവേളകളോടെ പെയ്യും. എന്നാലും വടക്കന്‍ ജില്ലകളില്‍ മഴ പൂര്‍ണമായി വിട്ടുനില്‍ക്കുന്ന സാഹചര്യം ഉണ്ടാകില്ല. 

കാലവര്‍ഷക്കാറ്റ് കൊങ്കണ്‍ മേഖല കേന്ദ്രീകരിച്ച് വീശുന്നതിന്റെ സ്വാധീനം കോഴിക്കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ ഉണ്ടാകും. കാറ്റിന്റെ വ്യതിയാനം ഈ മേഖലയില്‍ ഇടവിട്ട മഴ പെയ്യിക്കും. കാസര്‍കോട് ജില്ലയിലാണ് താരതമ്യേന വടക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കുക. നദികള്‍ നിറയാന്‍ സാധ്യതയുണ്ട്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലകളിലും മഴ ശക്തമായി ഇടവേളകളോടെ ലഭിക്കും. 

മഴ കുറയും 20 വരെ
മഴ കുറയും എന്നു പറഞ്ഞാല്‍ മഴ ഇല്ലാത്ത അവസ്ഥ എന്ന് അര്‍ഥമാക്കരുത്. താരതമ്യേന മഴ കുറയുകയും ഇടവേളകള്‍ ലഭിക്കുകയും ചെയ്യും. ശനി മുതല്‍ ജൂലൈ 20 വരെയാണ് ഇത്തരത്തില്‍ മഴ കുറയുക. 

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത
ഈ മാസം 20 ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. 22 ന് ശേഷം വീണ്ടും മഴ ശക്തിപ്പെടാന്‍ ഇത് ഇടയാക്കിയേക്കും എന്നാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി അവലോകനം.


കടപ്പാട് : metbeat.com