വെള്ളം കുടിക്കുമോ ? കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു.. | BJP Scam

കൊടകര കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒന്നരമണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. അന്വേഷണ സംഘം രണ്ടാമത് നോട്ടീസ് നൽകിയ ശേഷമാണ് സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ആദ്യം അന്വേഷണ സംഘം നൽകിയ നോട്ടീസിൽ നിന്നും സുരേന്ദ്രൻ ഒഴിഞ്ഞു മാറുകയായിരുന്നു.

കുഴൽപ്പണം കടത്തിയ ധർമരാജൻ, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് സുരേന്ദ്രനെതിരെ നിർണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ് ഫോൺ കോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നമ്പറുമുണ്ട്. കോൾ ലിസ്റ്റ് പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ്, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്തു.

സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന് ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന്റെ തലേനാൾ നടന്ന കുഴൽപ്പണക്കവർച്ച ബി.ജെ.പി.യിലെ ചേരിപ്പോരോടെയാണ് പുറത്താകുന്നത്.

ആദ്യം ഒരു ദേശീയ പാർട്ടിയുടെ പണം എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ കൈരളീ ന്യൂസാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുവന്ന പണമാണ് കൊടകരയിൽ കൊള്ളയടിച്ചതെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത്.

അന്വേഷണത്തിനിടെ കുഴൽപ്പണക്കടത്തുക്കാരനായ ധർമ്മരാജന്റെ കോൾ ലിസ്റ്റ് പരിശോധിച്ചതോടെയാണ് കേസിലെ ബി.ജെ.പി.ബന്ധം പുറത്തു വരുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് ധർമ്മരാജൻ ആദ്യം പരാതി നൽകി.എന്നാൽ പിന്നീട് മൂന്നരക്കോടി നഷ്ടപ്പെട്ടെന്ന് ധർമ്മരാജൻ സമ്മതിച്ചു.

കവർച്ച നടന്നയുടൻ ധർമ്മരാജനെയും പ്രതി റഷീദിനെയും കൂട്ടി ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ് സേനൻ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി എന്നിവരേയും അന്വേഷണ സംഘം ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തു.

പിന്നീട് സംസ്ഥാന സംഘടനാ സെക്രട്ടറിയക്കം 15 ബി.ജെ.പി നേതാക്കളെയാണ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്തത്.ധർമ്മരാജൻ വഴിയാണ് തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി കുഴൽപ്പണം കടത്തിയതെന്നും ആലപ്പുഴ ജില്ലാ ട്രഷറർ കെ.ജി കർത്തയ്ക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.

പണം കൊണ്ടുവന്ന സമയത്ത് ധർമ്മരാജനുമായി സുരേന്ദ്രന്റെ പെഴ്സണൽ സെക്രട്ടറി നടത്തിയ ഫോൺ സംഭാഷണങ്ങളാണ് അന്വേഷണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനിലെത്തിച്ചത്. സുരേന്ദ്രന്റെ അറിവോടെയാണ് ഇരുവരും ഫോണിൽ ബന്ധപ്പെട്ടതെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.

ബി.ജെ.പി ആസൂത്രിതമായി തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന കള്ളപ്പണത്തെ പറ്റി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രനും സംഭവത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറി ഗണേശനും അറിവുണ്ടെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്.

പണം ആലപ്പുഴയിൽ നിന്നും എങ്ങോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് സുരേന്ദ്രന് വ്യക്തമായി അറിയാമെന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. ഏപ്രിൽ മൂന്നിനാണ് ബിജെപിയുടെ കുഴൽപ്പണവുമായി പോയ സംഘത്തിൽനിന്ന് ബിജെപിയുടെ തന്നെ മറ്റൊരുസംഘം കൊടകരയിൽ പണം തട്ടിയത്.