ഒളിമ്പിക്സിനായി തയ്യാറെടുത്ത് ലോകം, കാണികളില്ലാതെ നടത്തുന്നത് ചരിത്രത്തിൽ ആദ്യം.. | Tokyo Olympics 2020

നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകം ജപ്പാനിൽ സംഗമിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ത്യൻ സമയം ജൂലൈ 23 വൈകീട്ട് 4:30നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ഇത് രണ്ടാം തവണയാണ് ടോക്കിയോ വിശ്വ കായിക മാമാങ്കത്തിന് വേദിയാകുന്നത്. ഒളിമ്പിക്സിന്റെ 
ദീപശിഖ നാളെ  ഉദ്ഘാടന വേദിയിൽ എത്തിച്ചേരും.

'വികാരത്താൽ ഒരുമിക്കുന്നു. അല്ലെങ്കിൽ വൈകാരികമായി ഐക്യപ്പെടുന്നു'. കൊവിഡ് മഹാമാരിയുടെ കാലത്തും 'കൂടുതൽ വേഗത്തിൽ കൂടുതൽ ഉയരത്തിൽ, കൂടുതൽ ശക്തിയിൽ എന്ന മുദ്രാവാക്യം അന്വർത്ഥമാക്കാൻ കായികലോകം ഒരുങ്ങിക്കഴിഞ്ഞു.

32ആമത് ഒളിമ്പിക്സ്  വിരുന്നിനെത്തുമ്പോൾ അതീവ ജാഗ്രതയിലാണ് ടോക്കിയോ. ചരിത്രത്തിലാദ്യമായി കാണികളില്ലാതെ നടത്തുന്ന കായിക മാമാങ്കം  ലോകം ആസ്വദിക്കുക ക്യാമറക്കണ്ണുകളിലൂടെ. വേദികളിലെല്ലാം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാൽ കർശന നിയന്ത്രണങ്ങളിലാണ് ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുക.

ജപ്പാൻ നാഷണൽ സ്‌റ്റേഡിയത്തിൽ വൈകീട്ട് 4:30ന് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും. തെരഞ്ഞെടുക്കപ്പെട്ട അതിഥികൾക്ക് മാത്രമാകും ചടങ്ങിലേക്ക് ക്ഷണം.ലോകം ഇതേവരെ കാണാത്ത അതിനൂതന സാങ്കേതിക വിദ്യയുടെ വിസ്മയ അനുഭവമായിരിക്കും സങ്കടകാലത്തെ ഈ ഒളിമ്പിക്സെന്നാണ് ജപ്പാന്റെ വാഗ്ദാനം.1964-ലെ ഒളിമ്പിക്സിന് ആതിഥ്യമരുളിയ ടോക്യോയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ കായികമേള വന്നെത്തുന്നത് ഇത് രണ്ടാംതവണയാണ്.

ഉദ്ഘാടനച്ചടങ്ങുകളും  സമാപന ചടങ്ങുകളും അത്ലറ്റിക്സും നടക്കുന്ന പ്രധാന സ്റ്റേഡിയം അടക്കം 42 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുക. കരാട്ടേ, ബേസ്ബോൾ, സ്കേറ്റ് ബോർഡിങ്, സർഫിങ്, സ്പോർട്സ് ക്ലൈംബിങ് എന്നീ അഞ്ച് പുതിയ മത്സരയിനങ്ങൾ ഇക്കുറിയുണ്ട്. 33 മത്സര വിഭാഗങ്ങളിലായി 339 ഇനങ്ങളിലായി 206 രാജ്യങ്ങളിൽ നിന്നുള്ള പതിനൊന്നായിരത്തോളം കായികതാരങ്ങൾ 17 ദിവസങ്ങളിലായി നടക്കുന്ന വിശ്വ കായിക മാമാങ്കത്തിൽ മാറ്റുരക്കും.

ഇ - വേസ്റ്റ് സംസ്കരണത്തിന്റെ പുത്തൻ മാതൃകയാണ് ടോക്കിയോ ഒളിമ്പിക്സിൽ ജപ്പാൻ അവതരിപ്പിക്കുന്നത്.മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള പഴയ ഗാഡ്ജറ്റുകളിൽ നിന്ന് വേർതിരിക്കുന്ന ലോഹങ്ങൾ കൊണ്ടാണ് വിജയികൾക്കുള്ള മെഡലുകൾ നിർമിച്ചിരിക്കുന്നതെന്ന അത്യപൂർവ്വ പ്രത്യേകത കൂടിയുണ്ട്. മത്സര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കാൻ ഇത്തവണ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ഉണ്ടായിരിക്കില്ല; മെഡൽ ജേതാക്കളെ പോഡിയത്തിൽ നിർത്തിയ ശേഷം ഒരു തളികയിൽ മെഡലുകൾ നൽകുകയാണ് ചെയ്യുക. സാധാരണയുള്ള മെഡലുകൾ സ്വീകരിച്ച ശേഷമുള്ള ഹസ്തദാനമോ ആലിംഗനമോ ഇക്കുറി ഉണ്ടാകില്ല.

നീലയും വെള്ളയും നിറങ്ങൾ കലർന്ന മിറൈറ്റോവയാണ് ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം . ഭാവി എന്നർഥംവരുന്ന മിറൈ, അനശ്വരം എന്നർഥമുള്ള തോവ എന്നീ രണ്ടു ജാപ്പനീസ് വാക്കുകൾ ചേർത്താണ് മിറൈറ്റോവയെ സൃഷ്ടിച്ചിരിക്കുന്നത്. ജപ്പാനിലെ സ്കൂളുകളിൽ കുട്ടികൾക്ക് പ്രിയപ്പെട്ടവരെ കണ്ടെത്താൻ നടത്തിയ 'യോഡാൻ' പദ്ധതിയിലൂടെയാണ് മിറൈറ്റോവ ഒളിമ്പിക് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്.

ജാപ്പനീസ് കലാകാരനായ റയോ തനിഗുച്ചിയാണ് മിറൈറ്റോവയെ രൂപകല്പനചെയ്തത്. പങ്കെടുക്കലാണ് പ്രധാനമെന്ന ഒളിമ്പിക്സ് മുദ്രാവാക്യത്തിന്റെ സ്പിരിറ്റോടെ ലോകത്തിലെ ഏറ്റവും വലിയ കായിക മേളക്ക് ഇന്ത്യ പങ്കെടുപ്പിക്കുന്നത് 119 താരങ്ങൾ ഉൾപ്പെട്ട വിപുലമായ സംഘത്തെയാണ്. 85 മെഡൽ ഇനങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുക.

ആകെ 9 മലയാളി താരങ്ങളാണ് ഇന്ത്യൻ ടീമിലുള്ളത്. ഉദ്ഘാടന മാർച്ച് പാസ്റ്റിൽ ബോക്സിംഗ് താരം എം.സി മേരി കോമും പുരുഷ ഹോക്കി ടീം നായകൻ മൻപ്രീത് സിംഗും  ഇന്ത്യൻ പതാകയേന്തും. ഏതായാലും പ്രകൃതിദുരന്തങ്ങൾക്ക് മേൽ മനുഷ്യരാശിയുടെ വിജയമായി ടോക്കിയോ ഒളിമ്പിക്സിനെ മാറ്റാനാകുമെന്ന ശുഭപ്രതീക്ഷയിലാണ്  സംഘാടക സമിതി.