കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സാപ്പ് വഴി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ ?

2020 മാര്‍ച്ച് മാസം മുതല്‍ നമ്മെ ചുറ്റിച്ചു കൊണ്ട് കൊറോണ നമുക്ക് ചുറ്റുമുണ്ട്. കോവിഡ് 19നെതിരായ വാക്‌സിന്‍ ലഭ്യമായിത്തുടങ്ങിയതോടെ ഈ മഹാവ്യാധിക്കെതിരായ നമ്മുടെ പോരാട്ടം ശക്തിയാര്‍ജിച്ചിട്ടുണ്ട്. നമ്മില്‍ പലരും ഇതിനോടകം തന്നെ വാക്‌സിന്‍ എടുത്തിട്ടുണ്ടാകും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തു കഴിഞ്ഞവരും ഒരു ഡോസ് എടുത്തു കഴിഞ്ഞും രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും അതിലുണ്ടാകും. ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലാത്ത വ്യക്തയാണെങ്കില്‍ ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്.

എന്നാല്‍ വാക്‌സിന്‍ എടുത്തത് കൊണ്ട് മാത്രമായില്ല. പൊതു ഇടങ്ങളില്‍ ചെല്ലുവാനും ഇടപെടുവാനും നിങ്ങള്‍ വാക്‌സിന്‍ എടുത്തിരിക്കുന്ന വ്യക്തിയാണ് എന്നത് തെളിയിക്കുന്ന രേഖയും നിങ്ങളുടെ പക്കല്‍ വേണം.


വരും ദിവസങ്ങളില്‍ ആധാര്‍ പോലെയോ, മറ്റ് തിരിച്ചറിയല്‍ രേഖയോ പോലെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വരും നാളുകളില്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതേണ്ടതായി വരും. നിലിവില്‍ തന്നെ പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള സര്‍ക്കാര്‍ മാനദണ്ഡങ്ങളില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടു കഴിഞ്ഞു.

അതിനാല്‍ തന്നെ എപ്പോഴും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് കയ്യില്‍ സൂക്ഷിക്കേണ്ടതും നിര്‍ബന്ധമാണ്. കടകളിലും മറ്റ് പൊതു ഇടങ്ങളിലും അത്യാവശ്യ കാര്യങ്ങള്‍ക്കായി ചെല്ലുന്നതിന് മാത്രമല്ല വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിങ്ങളെ സഹായിക്കുന്നത്. സംസ്ഥാനം വിട്ട് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ കോവിഡ് ടെസ്റ്റ് ചെയ്ത് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കേണ്ട ആവശ്യവും വരുന്നില്ല.

കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പല മാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ വാട്‌സാപ്പ് മുഖേന എളുപ്പത്തില്‍ എങ്ങനെ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം എന്ന് നമുക്ക് നോക്കാം.

  • MyGov. കൊറോണ ഹെല്‍പ് ഡെസ്‌ക് വാട്‌സാപ്പ് നമ്പറായ +91 9013 15 15 15 നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യുക
  • വാട്‌സാപ്പില്‍ മേല്‍പ്പറഞ്ഞ നമ്പറിലെ ചാറ്റ് ബോക്‌സ് തുറക്കുക
  • ഡയലോഗ് ബോക്‌സില്‍ DOWNLOAD CERTIFICATE എന്ന് ടൈപ്പ് ചെയ്യുക
  • നിങ്ങളുടെ രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വാട്‌സാപ്പ് നിങ്ങള്‍ക്ക് ഒരു ഒടിപി നമ്പര്‍ അയയ്ക്കും.
  • മൈഗവ് വാട്‌സാപ്പ് ചാറ്റ് ബോക്‌സില്‍ ആ ഒടിപി നല്‍കുക.
  • ഇനി അതേ നമ്പറില്‍ ഒന്നിലധികം വ്യക്തികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എങ്കില്‍ ആരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത് എന്ന് തെരഞ്ഞെടുക്കുവാന്‍ സാധിക്കും.
  • ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഏതെന്ന് നല്‍കുക
  • വാട്‌സാപ്പ് ചാറ്റ് ബോക്‌സില്‍ നിങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
  • സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ചെയ്ത് കൈയ്യില്‍ സൂക്ഷിക്കാം.

കോവിന്‍ അപ്ലിക്കേഷനിലൂടെയും ആരോഗ്യ സേതു അപ്ലിക്കേഷനിലൂടെയും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കും.

നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നതിനാല്‍ അപരിചിതരായ വ്യക്തികള്‍ക്കോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പങ്കുവയ്ക്കാതിരിക്കാം. നിങ്ങള്‍ ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല എങ്കില്‍ ഇനിയും വൈകാതെ വാക്‌സിനേഷന്‍ ലഭ്യമാകുവാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതാണ്.