ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ : ടോകിയോ ഒളിംപിക്‌സില്‍ വെങ്കലത്തിളക്കവുമായി ബോക്‌സിംഗ് താരം ലവ്‌ലിന. | Olympics News

ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്ന് വെങ്കലം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യക്ക് ബോക്‌സിങ്ങില്‍ മെഡല്‍ സ്വന്തമാക്കാനായത്.ഒളിമ്പിക്സ് ബോക്സിങ്ങിൽ വെങ്കലം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് ലവ്‍ലിന. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോടാണ് (സ്‌കോര്‍: 5-0) പരാജയപ്പെട്ടത്.

 ലോക ഒന്നാം നമ്പര്‍ താരമായ ശക്തയായ എതിരാളി സര്‍മനേലിയയുമായുള്ള മത്സരം തന്നെ വാർത്തയായിരുന്നു.ടോകിയോ ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചാനു നേടിയ വെള്ളിയും ബാഡ്മിന്റണില്‍ പി.വി. സിന്ധുവിന്റെ വെങ്കലവുമാണ് ഇന്ത്യ നേരത്തെ നേടിയത്.
ബോക്‌സിങ്ങില്‍ ഇന്ത്യ നേടുന്ന മൂന്നാം ഒളിംപിക് മെഡല്‍ കൂടിയാണ് ലവ്‌ലിനയുടെ വെങ്കലം. 2008ല്‍ വിജേന്ദര്‍ സിംഗും 2012ല്‍ മേരി കോമും നേടിയ വെങ്കല മെഡലുകളാണ് നേരത്തെ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍.

ഇന്ന് ഇന്ത്യക്ക് പ്രതീക്ഷയുടെ ദിനമാണ് . രണ്ട് താരങ്ങളാണ് സെമിയില്‍ പ്രവേശിച്ചത്. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പുനിയ സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ചൈനീസ് താരത്തെയാണ് ദീപക് തോൽപ്പിച്ചത്. പുരുഷൻമാരുടെ 57 കിലോ വിഭാഗത്തിൽ രവികുമാര്‍ ദാഹിയയും സെമിയില്‍ കടന്നു. ബൾഗേറിയൻ താരത്തെയാണ് പരാജയപ്പെടുത്തിയത്.