കോവിഡ് അവലോകന യോഗം മറ്റന്നാൾ, കൂടുതൽ നിയന്ത്രങ്ങൾക്ക് സാധ്യത. ഉയരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) ആശങ്ക...

കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മറ്റന്നാളത്തേക്ക് മാറ്റി. നിലവില്‍ കണ്ണൂരിലുള്ള മുഖ്യമന്ത്രി തലസ്ഥാനത്ത് തിരികെ എത്തിയ ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്നാണ് തീരുമാനം.

ഓണത്തിരക്കിന് പിന്നാലെ രോഗവ്യാപനം കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതുകൊണ്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസം ടി പി ആര്‍ 17 കടന്നു.

മലപ്പുറം, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപനം കൂടുതല്‍. ഓണത്തിരക്ക് കഴിഞ്ഞതോടെ വരും ദിവസങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യത ആരോഗ്യ വകുപ്പ് മുന്നില്‍ കാണുന്നുണ്ട്. മറ്റന്നാള്‍ ചേരുന്ന അവലോകനയോഗം കൊവിഡ് സാഹചര്യം വിലയിരുത്തും. ടി പി ആര്‍ ഉയരുന്നത് കൊണ്ട് നിയന്ത്രണങ്ങള്‍ കുറച്ച് കടുപ്പിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ഓണക്കാലത്ത് കുറഞ്ഞ പരിശോധന വര്‍ധിപ്പിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ നിലപാട്. ഇക്കാര്യങ്ങളെല്ലാം അവലോകനയോഗത്തില്‍ ചര്‍ച്ച ചെയ്യും.