കനത്ത മഴ ഇന്നും തുടരും : എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, അതീവ ജാഗ്രതാ നിർദ്ദേശം.. | Heavy Rain In Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും മഴ തുടരുന്നതിനാൽ റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾ നടത്താൻ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം, അറബിക്കടലിലെ ചക്രവാതചുഴി എന്നിവയാണ് കനത്ത മഴയ്ക്ക് ഇടയാക്കിയത്. രണ്ടു ദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.
കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ക്ക് ഉൾപ്പെടെ അവധി ബാധകമാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

കാസര്‍കോട് ജില്ലയില്‍ സ്കൂളുകള്‍ക്ക് അവധിയാണ്. എന്നാല്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല. തിരുവനന്തപുരത്ത് കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധിയാണ്. എംജി, കേരള, കുസാറ്റ്, കുഫോസ്, ആരോഗ്യ, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.