#ACSICON_2022 : ചർമ്മ രോഗ രംഗത്തെ നൂതന ചികിത്സാ രീതികൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ '#ആക്സിക്കോൺ 2022' സെപ്റ്റംബർ 15 മുതൽ 17 വരെ.

വൈത്തിരി : ചർമ്മരോഗവിദഗ്ദ്ധരുടെ ദേശീയസംഘടനയായ അസോസിയേഷൻ ഓഫ് ക്യൂട്ടേനിയസ് സർജൻസി (I) ന്റെ വാർഷിക സമ്മേളനമായ ആക്സിക്കോണിനു നാളെ തിരി തെളിയുന്നു. സെപ്തംബർ 15 മുതൽ 17 വരെ വൈത്തിരി വില്ലേജ് റിസോർട്ടിൽ വച്ചാണ് സമ്മേളനവും അനുബന്ധ പരിപാടികളും നടത്തപ്പെടുന്നത്. മലബാർ മേഖലയിലെ ചർമ്മരോഗവിദഗ്ദ്ധരുടെ കൂട്ടായ്മയായ മലബാർ ഡെർമറ്റോളജി ക്ലബും അസോസിയേഷൻ ഓഫ് ക്യൂട്ടേനിയസ് സർജൻസിനൊപ്പം ആക്സിക്കോണിന്റെ സംഘാടകനിരയിലുണ്ട്.
ചർമ്മ രോഗ ചികിത്സാ രംഗത്തെ നൂതന ചികിത്സ സങ്കേതങ്ങളും സാങ്കേതിക വിദ്യകളും കണ്ടെത്തലുകളും പരിചയപ്പെടുത്തുന്നതിനുള്ള വേദി ആണ് വർഷാവർഷം നടത്തപ്പെടുന്ന ആക്സിക്കോൺ. ചർമ്മരോഗവിദഗ്ദ്ധർ നടത്തുന്ന ശില്പശാലകളും പേപ്പർ പ്രസന്റേഷനുകളും കൂടാതെ ഫാർമ, ഉപകരണ നിർമാണ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രദർശനമേളകളും ഈ വർഷത്തെ സമ്മേളനത്തിൽ ഒരുങ്ങുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി ആയിരത്തി ഇരുനൂറോളം ചർമ്മരോഗ വിദഗ്ദ്ധർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആക്സിക്കോൺ 2022ന്റെ പ്രചരണാർത്ഥം ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച പതിനഞ്ചംഗ സൈക്ക്ളത്തോൺ സംഘം മൈസൂർ, കബിനി വഴി മുന്നൂറോളം കിലോമീറ്റർ യാത്ര ചെയ്ത് സെപ്തംബർ 14 നു സമ്മേളനവേദിയിൽ എത്തിച്ചേർന്നു. ആതിഥേയത്ത്വത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡോ. സലിം ടി (ഓർഗനൈസിംഗ് ചെയർപേഴ്‌സൺ), ഡോ. ഫിറോസ് കെ (ഓർഗനൈസിംഗ് കോ ചെയർപേഴ്‌സൺ), ഡോ. ഫിബിൻ തൻവീർ ((ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.