ഇന്ന് മെയ് 28 ,ആര്‍ത്തവ ശുചിത്വ ദിനം . നാം ഇനിയും പഠിക്കേണ്ടുന്ന നിരവധി കാര്യങ്ങളുണ്ട്. എന്താണ് ആര്‍ത്തവം എന്ന് പലര്‍ക്കും ഇന്ന് അറിയില്ല.ആര്‍ത്തവ ദിനത്തില്‍ മാറ്റിനിര്‍ത്തപ്പെട്ട നിരവധി സ്ത്രീകള്‍ക്ക് മനസിലാവും ഞാന്‍ എന്താണ് പറഞ്ഞ് വരുന്നതെന്ന്.
ആർത്തവം എന്താണെന്ന് ശരിയായ ധാരണ ഇല്ലാത്തതിന്റെ പേരിൽ പലർക്കും ജീവൻ
ബലികൊടുക്കേണ്ടി വരുന്ന നാട്ടിലാണ് നാം ഇന്നും ജീവിക്കുന്നതെന്ന് നമ്മളിൽ
എത്രപേർക്കറിയാം? മഹാരാഷ്ട്രയിലെ, താനെയിലെ ഒരു 12 വയസ്സുകാരി സ്വന്തം
സഹോദരനാൽ കൊല്ലപ്പെട്ടത് ഇതിന് ഉദാഹരണമാണ്. കുട്ടിയുടെ വസ്ത്രത്തിൽ
രക്തക്കറ കണ്ടതിനെ തുടർന്ന് അത് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ
പറ്റിയതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സഹോദരൻ കുട്ടിയെ കൊലപ്പെടുത്തിയത്.
ആർത്തവത്തെ
പറ്റി കുട്ടിക്ക് അറിവില്ലായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇതൊരു
ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലെ ധാരാളം കുട്ടികൾ ആർത്തവത്തെപ്പറ്റി യാതൊരു
അറിവും ഇല്ലാതെ നമുക്ക് ചുറ്റുമുണ്ട്.
നമുക്കിടയിൽ എത്ര പെൺകുട്ടികൾക്ക് ആദ്യമായി ആർത്തവം ഉണ്ടാകുന്നതിനു മുന്നേ അതിനെപ്പറ്റി അറിവുണ്ടായിരുന്നു?
എത്ര
രക്ഷിതാക്കൾ തങ്ങളുടെ മക്കൾക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുത്തിട്ടുണ്ട്? അതേ
“മക്കൾക്ക്”.. എത്ര പേർ ഇതേപ്പറ്റി തുറന്ന് സംസാരിച്ചിട്ടുണ്ട്?
എന്തിന്… സ്വന്തം ഭർത്താവിനോട് പോലും ഇക്കാര്യം സംസാരിക്കാൻ മടിക്കുന്ന ഭാര്യമാർ നമുക്കിടയിലില്ലേ?ആർത്തവം എന്നത് അശുദ്ധമാണെങ്കിൽ നാം ഓരോരുത്തരും അശുദ്ധരല്ലേ?
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ആർത്തവസമയത്ത് ഏറ്റവും അത്യാവശ്യമായിട്ടുള്ള സാനിറ്ററി പ്രോഡക്ടുകൾ, ശുചിമുറികൾ, മാലിന്യ സംസ്കരണ ഉപാധികൾ, ആർത്തവ ശുചിത്വ വിദ്യാഭ്യാസം മുതലായവയുടെയൊക്കെ ലഭ്യത കുറയുന്ന അവസ്ഥയാണ് നാം മെൻസ്ട്രൽ പോവർട്ടി എന്ന് വിളിക്കുന്നത്. ഏതൊരു സ്ത്രീയുടെയും പെൺകുട്ടിയുടേയും അവകാശങ്ങളിൽ ചിലത് മാത്രമാണ് ഇതൊക്കെ എന്ന് നാം ഓർക്കണം.
ആർത്തവ അവകാശങ്ങൾ
കുട്ടിക്കാലത്ത് വിശേഷദിവസങ്ങളിൽ ആർത്തവം ഉള്ളതിനാൽ
മാറ്റി നിർത്തപെട്ടിരുന്നു. ഓരോ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള
അവകാശങ്ങളെയാണ് മനുഷ്യാവകാശങ്ങൾ എന്ന് പറയുന്നത്. ആർത്തവത്തിന്റെ
പേരുപറഞ്ഞ് ഇതിൽ പല അവകാശങ്ങളും നിഷേധിക്കപ്പെടുന്നവർ ഇന്ന് നമുക്ക്
മുന്നിലുണ്ട്. ഇതിൽ പ്രധാനപ്പെട്ട ചിലത് നോക്കാം.
*ആരോഗ്യത്തിനുള്ള അവകാശം
മറ്റേതു സമയത്തെയും പോലെ തന്നെ ആർത്തവസമയത്തും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ആർത്തവ ശുചിത്വം പാലിക്കാൻ ആവശ്യമായ ആർത്തവ ഉൽപ്പന്നങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത കുറയുമ്പോൾ അത് അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ഇതിനുപുറമേ നമ്മുടെ സമൂഹത്തിൽ ഇന്നും ആർത്തവത്തെ ചുറ്റിപ്പറ്റി പല മിഥ്യാധാരണകളും നില നിൽക്കുന്നതിനാൽ തന്നെ ആർത്തവവുമായി ബന്ധപ്പെട്ട് വരുന്ന ആരോഗ്യപ്രശ്നങ്ങൾ പലരും പുറത്ത് പറയാനും തക്കസമയത്ത് ചികിത്സ തേടാനും മടിക്കുന്നു. ഇതിലൂടെ നല്ല ആരോഗ്യത്തിനുള്ള അവകാശമാണ് ഇല്ലാതാകുന്നത്. വൃത്തിയുള്ള ആർത്തവ ഉത്പന്നങ്ങൾ, ജലം, ശുചിമുറി എന്നിവയുടെയും ലഭ്യത കുറവ് ഇതിൽപ്പെടുന്നു.
*വിദ്യാഭ്യാസത്തിനുള്ള അവകാശം
സാനിറ്ററി പാഡ് ഉപയോഗിക്കുന്ന ഒരാൾ ഓരോ 4 മുതൽ 6 മണിക്കൂർ ഇടവിട്ട് പാഡ് മാറ്റേണ്ടതുണ്ട്. എന്നാൽ പല സ്കൂളുകളിലും ഇതിനുള്ള സംവിധാനവും സ്വകാര്യതയും ഇല്ലാത്തതിനാൽ തന്നെ പലരും പാഡ് നിറഞ്ഞു കഴിഞ്ഞാലും മാറ്റാൻ മടിക്കുന്നു. പലപ്പോഴും ഈ അസ്വസ്ഥത കാരണം അവർക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാൻ പറ്റാതെ വരുന്നു. ഇനി മറ്റു ചിലരാവട്ടെ ഇത് ഭയന്ന് സ്കൂളിൽ നിന്നും ലീവ് എടുക്കുന്നു. ആർത്തവ ദിവസങ്ങളിൽ അവധി എടുക്കുന്നവരുടെ എണ്ണം വലുതാണ്. ശരിയായ രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യത ഉറപ്പാക്കിയില്ലെങ്കിൽ അതിലൂടെ ധാരാളം പേർക്ക് അവരുടെ വിദ്യാഭ്യാസവും നിഷേധിക്കപ്പെടുന്നു.
*ജലത്തിനും ശുചിത്വത്തിനുമുള്ള അവകാശം
ഏതൊരു സ്ഥലം എടുത്താലും അവിടെ
വൃത്തിയുള്ള ശുചിമുറികളുടെ ലഭ്യതയും ജലലഭ്യതയും ഉറപ്പാക്കണം. പ്രത്യേകിച്ച്
ആർത്തവമുള്ള സമയങ്ങളിൽ ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങൾക്കും
വഴിയൊരുക്കും. എന്നാൽ ഇത്തരത്തിലുള്ള സൗകര്യങ്ങളുടെ ലഭ്യത കുറവ് കാരണം
പലരും ആർത്തവ ദിവസങ്ങളിൽ വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ മടിക്കുന്നു.
അതേസമയം വീടുകളിലും ജലദൗർലഭ്യം നേരിടുന്നവരുണ്ട്.
ഇത്തരത്തിൽ
ആർത്തവം ഉള്ളവർ നേരിടുന്ന പ്രശ്നങ്ങൾ ധാരാളമാണ്. അത് പലപ്പോഴും അവരുടെ
അവകാശങ്ങളെയാണ് ചൂഷണം ചെയ്യപ്പെടുന്നത്. മറ്റേതൊരാളെയും പോലെ തന്നെ
ആർത്തവമുള്ള ഒരാൾക്കും ആർത്തവസമയത്ത് എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും
ലഭ്യമാണെന്ന് ഉറപ്പാക്കണം. അവർക്കും ഇവിടെ അന്തസ്സോടുകൂടി ജീവിക്കാനുള്ള
അവകാശമുണ്ട്. അതു ഉറപ്പാക്കൽ ആണ് നമ്മുടെ ചുമതല.
ആര്‍ത്തവ ശുചിത്വം ഏറ്റവും അത്യാവശ്യമായ കാര്യമാണ്. ഏതൊരു സ്ത്രീയും ആര്‍ത്തവം എന്ന പ്രക്രിയയിലൂടെ കടന്നുപോയതിനാലാണ് ഇന്ന് നാം ഓരോരുത്തരും ഭൂമിയില്‍ പിറവിയെടുത്തത്. ആര്‍ത്തവത്തിന്റെ പേരില്‍ അകറ്റി നിര്‍ത്താതെ അവളെ ചേര്‍ത്തുപിടിക്കുക.