മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സംഭവിക്കുന്നത് എന്ത് ? കേരളം മുഴുവന്‍ ഇല്ലാതാകുമോ ? കൂടുതല്‍ വിവരങ്ങള്‍ അറിയാം : #Mullapperiyar_Dam

 കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട് .പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു. മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.


 ബ്രിട്ടീഷ്‌കാരുടെ ആവശ്യപ്രകാരം തിരുവിതാംകൂര്‍ രാജാവായ വിശാഖം തിരുനാള്‍ രാമവര്‍മ്മയും മദ്രാസ് പ്രൊവിന്‍സും തമ്മില്‍ 1886 ഒക്ടോബര്‍ മാസം 29 ന് ഒരു കരാര്‍ ഒപ്പിടുകയും, തിരുവിതാംകൂറിന് കീഴിലുള്ള 8100 ഏക്കര്‍ വനഭൂമി മദ്രാസ് പ്രൊവിന്‍സിന് 999 വര്‍ഷത്തേക്ക് നല്‍കാനും ധാരണയാകുന്നു.’Periyar lease deed’ അനുസരിച്ചുള്ള ഈ വനഭൂമിയില്‍ ജലസേചന ആവശ്യത്തിനായി ഒരു തടയണ കെട്ടാനായി 1874 ല്‍ മദ്രാസ് ചീഫ് എഞ്ചിനീയര്‍ ആയ ജോണ്‍വാക്കര്‍ പെനി ക്വിക്കിനേയും, ആര്‍ സ്മിത്തിനേയും നിയമിച്ചു. ഇന്ന് തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന ശിവഗിരികുന്നില്‍നിന്ന് ഉത്ഭവിക്കുന്ന പെരിയാറിന്റെ പോഷകനദികള്‍ ഈ വനഭൂമിയിലൂടെയാണ് ഒഴുകുന്നത്. 5,398 ചതുരശ്രകിലോമീറ്റര്‍ വൃഷ്ടിപ്രദേശമുള്ള പെരിയാറിന്റെ ജലസമൃദ്ധി തിരിച്ചറിഞ്ഞ പെനിക്വിക്ക് കൃത്രിമ തടാകം നിര്‍മ്മിക്കാനുള്ള അനുയോജ്യമായ സ്ഥലം നിശ്ചയിച്ച് 1882 ല്‍ ഡാമിന്റെ ഡിസൈന്‍ സമര്‍പ്പിക്കുന്നു. 1887-1895 കാലയളവില്‍ ഡാം നിര്‍മ്മിക്കുകയും കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ കടലിലൊഴുക്കാനുമൊന്നും കഴിയില്ല. ഡാം തകര്‍ന്നാല്‍ പെരിയാറിന്റെ കരകളിലും അതിന്റെ കൈവഴികളിലുമാണ് വെള്ളം ഉയരുകയും അപകടങ്ങളുണ്ടാവുകയും ചെയ്യുക. ഈ വ്യാജപ്രചാരണങ്ങളില്‍ മുല്ലപ്പെരിയാറിന് താഴേ താമസിക്കുന്നവരും പെരിയാറിന്റെ തീരത്തുള്ളവരുമൊക്കെ വളരെയേറേ പേടിക്കാനിടയാകുന്നുണ്ട്. മാത്രമല്ല ഡാം സുരക്ഷിതമല്ല എന്ന് ഒരു പരിശോധനയിലും തെളിഞ്ഞിട്ടില്ല’-

മുല്ലപ്പെരിയാര്‍ ഡാം വിവാദം

 ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം അവസാനിക്കുകയും സംസ്ഥാനം പുന:സംഘടിതമാവുകയും ചെയ്തതോടെ തിരുവിതാംകൂറും മദ്രാസ് പ്രോവിന്‍സും ഒപ്പുവെച്ച പെരിയാര്‍ ലീസ് ഡീഡ് ഇല്ലാതാകുമോയെന്ന ഭയത്താലും കരാര്‍ പുതുക്കേണ്ടത് അനിവാര്യമായതിനാലും തമിഴ്‌നാട് പലതവണയായി കേരള ഗവണ്‍മെന്റുമായി ചര്‍ച്ചനടത്തുകയുണ്ടായി. പല ചര്‍ച്ചകളും സമവായത്തിലെത്താതെ പരാജയപ്പെട്ടു. എന്നാല്‍ 1970 ല്‍ ചില നിബന്ധനകളോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോൻ കരാര്‍ പുതുക്കി ഒപ്പു ചാര്‍ത്തുന്നു. എന്നാല്‍ അതിനുമുമ്പേ തന്നെ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ച് ആശങ്കയും പേടിയും കേരളത്തിനുണ്ടായിരുന്നു. അങ്ങിനെ പതുക്കെ പതുക്കെ അഭ്യൂഹങ്ങളിലൂടെയും രാഷ്ട്രീയവിവാദങ്ങളിലൂടെയും മുല്ലപ്പെരിയാര്‍ വിവാദം വികാരഭരിതമാകാന്‍ തുടങ്ങി. 1990 ലും 2000 ലും തമിഴ്‌നാടും കേരളവും തമ്മില്‍ വലിയ വാഗ്വാദങ്ങളുണ്ടാകുന്നു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി ആക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ തമിഴ്‌നാട് 142 അടിയിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യത്തിലും ഉറച്ചുനിന്നു.