വീട്ടുകാരെ വട്ടം കറക്കുന്ന മുപ്ലിവണ്ടുകള്‍ / ഓട്ടൊറുമകളെ തുരത്താനുള്ള എളുപ്പവഴികള്‍ #Mooply_Beetles

 രാത്രി ഉറക്കത്തിൽ അറിയാതെ ദേഹത്ത് വീണ കറുത്ത കുഞ്ഞൻ വണ്ടിനെ തടവി പൊട്ടിച്ചത് – രാവിലെ ദേഹത്ത് കറുത്ത പൊള്ളിപ്പായി കണ്ടു പേടിച്ച് പോയ അനുഭവം ഉള്ളവരുണ്ടാകും. ഉപ്പുമാവിൽ വീണ ഓട്ടുറുമയെ അബദ്ധത്തിൽ ചവച്ചുപോയതിൻ്റെ പൊള്ളുന്ന രുചിച്ചവർപ്പ് നാവിൽ നിറയുന്ന പഴയ സ്കൂൾ ഓർമ്മകൾ ഇപ്പഴും ബാക്കിയുള്ളവരും ഉണ്ടാകും. 

ഓലഷെഡ്ഡിനുമുകളിൽ നിന്ന് കൈവിട്ട് വീണ് , മുഖത്തും ദേഹത്തും ഇഴയുന്ന കറുത്ത കുഞ്ഞുവണ്ടുകൾ അന്നുണ്ടാക്കിയ വെറുപ്പും ഭയവും പലരും മറന്നിട്ടില്ല. വേനൽ ചൂട് കഴിഞ്ഞ് ആദ്യ മഴ തകർത്ത് പെയ്യുന്നതോടെ ‘അയ്യോ, ഞങ്ങൾക്ക് മഴകൊള്ളാൻ വയ്യേ ‘ – എന്ന മട്ടിൽ നമ്മുടെ വീടുകളിലേക്ക് ഇരച്ചെത്തുന്ന കറുത്ത കുഞ്ഞു വണ്ടുകളാണ് ഓട്ടുറുമകൾ. റബ്ബർ തോട്ടങ്ങളുടെ അടുത്തുള്ള വീടുകളിലാണ് ഇവരുടെ പട വേഗം വിരുന്നെത്തുക.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ തെക്കൻകേരളത്തിലെ മുപ്ലിയിലെ റബ്ബർ തോട്ടങ്ങളിൽ ആയിരുന്നു ആദ്യമായി ഇത്തരം വ്യാപക വണ്ടു സാന്നിദ്ധ്യം ഗവേഷകർ ശ്രദ്ധിച്ചത്. ലുപ്രോപ്സ് ട്രിസ്റ്റിസ് (Luprops tristis) എന്നാണിവർക്ക് നൽകിയ ശാസ്ത്രനാമം.


 

Coleoptera ഓർഡറിൽ Tenebrionidae കുടുംബത്തിൽ പെട്ട ഇവർ മുപ്ളിയിലെ റബർ തോട്ടങ്ങളിൽ കണ്ടെത്തിയതിനാൽ മുപ്ലിവണ്ടുകൾ (Mupli beetle ) എന്ന പേരിലാണ് അറിയപ്പെടുന്നത്. മേച്ചിലോടിനുള്ളിൽ ഒളിച്ച് കൂടുന്നതിനാൽ ‘ഓട്ടുറുമ’, ‘ഓട്ടെരുമ’ ‘കോട്ടെരുമ’ , ‘ഓട് വണ്ട്’ എന്നീ പേരുകളും ഇവർക്കുണ്ട്. ഓലമേഞ്ഞ വീടുകൾ ഇഷ്ടപ്പെടുന്നതിനാൽ ‘ഓലച്ചാത്തൻ’, ‘ഓലപ്രാണി’, തുടങ്ങിയ പേരും ചില പ്രദേശങ്ങളിൽ ഉണ്ട്.

ഇരുട്ടും വെയിലും ചൂടും ഒക്കെ വളരെ ഇഷ്ടമാണെങ്കിലും മഴയും തണുപ്പും ഇവർക്ക് ഒട്ടും ഇഷ്ടമല്ല. മഴ തുടങ്ങിയാൽ ഉടൻ വളർച്ചമുറ്റിയ വണ്ടുകളെല്ലാം കൂട്ടമായി പറന്ന് അടുത്തുള്ള കെട്ടിടങ്ങളുടെ സുരക്ഷിതത്വത്തിൽ പറ്റിക്കൂടുന്നു. മുൻ തലമുറകൾ കൈയടക്കി വന്നിരുന്ന സ്ഥലങ്ങളുടെ കുടിക്കിടപ്പവകാശം ഓർത്തു വെച്ചെന്നപോലെ പുതിയവ പറന്നുവന്നു സ്ഥലം കൈയടക്കും.

ജീവിതത്തിന്റെ ഭൂരിഭാഗം സമയവും ഭക്ഷണമില്ലതെ, അനങ്ങാതെ കഴിഞ്ഞുകൂടിയ ഇവയുടെ ചിറകുകൾ ചലിപ്പിക്കാനും പറക്കാനും ഉള്ള ഊർജ്ജം ബാക്കികിട്ടുന്നത് എങ്ങിനെയാണ് എന്ന കാര്യത്തിൽ ഇപ്പഴും ഗവേഷകർ തീർച്ചയെത്തീട്ടില്ല. മുപ്ലിവണ്ടിന്റെ കെട്ടിട കുടിയായ്മ ആധാരം അടുത്ത തലമുറക്ക് പങ്കുവെക്കുന്നതിന്റെ സൂത്രവും പൂർണ്ണമായും വ്യക്തമായിട്ടില്ല. 

ഇവയെ ഒഴിപ്പിക്കാന്‍ ചില പൊടികൈകളുണ്ട് :-

*ഫ്ളൈ കിൽ        

കന്നുകാലികളുടെ ദേഹത്തെ വട്ടൻ (ഒരു തരം വണ്ട്) നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഫ്ളൈ കിൽ എന്ന മരുന്ന് സ്പ്രേ ചെയ്താൽ ഒരു പരിധിവരെ ഇവയെ തുരത്താം. വായും മൂക്കും മൂടിക്കെട്ടി വേണം ഈ മരുന്ന് തളിക്കേണ്ടത്. മരുന്ന് തളിക്കുന്നതോടെ ഇവ ചത്തുവീഴും.

*മണ്ണെണ്ണ

മണ്ണെണ്ണ കോട്ടെരുമകൾക്കെതിരെയുള്ള ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. മണ്ണെണ്ണ അൽപ്പമെടുത്ത് കോട്ടെരുമകളുടെ മേൽ തളിയ്ക്കുക. മൂന്ന് മണിക്കൂറുകൾക്ക് ശേഷം കോട്ടെരുമകൾ ചത്തിരിക്കും. ചത്ത കോട്ടെരുമകളെ അടിച്ചുവാരി കത്തിച്ച് കളയുകയോ. കുഴിച്ചിടുകയോ ചെയ്യാം.

*പെട്രോൾ

പ്രെട്രോൾ അൽപ്പമെടുത്ത് അതിൽ കുമ്മായം യോജിപ്പിച്ച് കോട്ടെരുമകൾ ഇരിയ്ക്കുന്ന ഭാഗത്ത് പൂശുക. കോട്ടെരുമകൾ ചത്തതിന് ശേഷം കത്തിച്ച് കളയുകയോ കുഴിച്ചിടുകയോ ചെയ്യാം.