മലയാള സിനിമാ വ്യവസായത്തിൻ്റെ വളർച്ചയിൽ പ്രവാസി സമൂഹത്തിന് വലിയ പങ്കുണ്ട് എന്ന് നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ. ‘ഗുരുവായൂർ അമ്പലനടയിൽ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഖത്തറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞത് .

 

മുൻകാലങ്ങളെ അപേക്ഷിച്ച് മലയാള സിനിമകൾക്ക് പ്രവാസലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലയാള സിനിമയിലെ മാറ്റങ്ങൾക്ക് പ്രവാസ ലോകത്ത് നിന്ന് നിർമ്മാണ മേഖലയിലുൾപ്പെടെ കൃത്യമായ സംഭാവനകൾ ഉണ്ടായിട്ടുണ്ട്. മലയാള സിനിമാ വ്യവസായത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്ന് കൂടുതൽ ഇടപെടലുകൾ ഉണ്ടാകണം. സിനിമയുടെ വിജയത്തിൽ പ്രവാസി മലയാളി പ്രേക്ഷകർക്ക് വലിയ പങ്കുണ്ട് എന്നും പൃഥ്വിരാജ് പറഞ്ഞു.

ബേസിൽ ജോസഫ്, നിഖില വിമൽ, തിരക്കഥാകൃത്ത് ദീപു പ്രദീപ്, നിർമ്മാതാവ് മുകേഷ് ആർ മേത്ത തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുപ്രിയ മേനോനും ഇ4 എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ മുകേഷ് ആർ മേത്തയും സിവി സാരഥിയും ചേർന്ന് നിർമ്മിച്ച ഗുരുവായൂർ അമ്പലനട വിപിൻ ദാസാണ് സംവിധാനം ചെയ്യുന്നത്.

ഗുരുവായൂർ അമ്പലനടയിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ്, നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ യു, ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമിഴ് താരം യോഗി ബാബുവിൻ്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയെഴുതി ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂർ അമ്പലനടയിൽ. മെയ് 16ന് ചിത്രം തിയേറ്ററുകളിലെത്തും.974 ഇവൻ്റ്സിൻ്റെ നേതൃത്വത്തിൽ മദീനത്ത് ലുലു ബർവയുടെ പ്രചരണത്തിന് മുന്നോടിയായാണ് താരങ്ങൾ വാർത്താ സമ്മേളനത്തിൽ എത്തിയത്. 974 ഇവൻ്റ്സ് മാനേജിങ് ഡയറക്ടർ റസൽ, റൗഫ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.