അയോധ്യ വിഷയത്തിൽ സുപ്രീം കോടതി വിധി : തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാം; സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ, കേന്ദ്രം ട്രസ്‌റ്റ്‌ രൂപീകരിക്കണം

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിയുടെ ചരിത്രവിധി.  ഭൂമിയുടെ അവകാശം തെളിയിക്കാൻ സുന്നി വഖഫ്‌ ബോർഡിന്‌ കഴിഞ്ഞില്ല. അയോധ്യയിൽതന്നെ പ്രധാനപ്പെട്ട സ്ഥലത്ത്‌ അഞ്ചേക്കർ ഭൂമിയാണ്‌ സുന്നി വഖഫ്‌ ബോർഡിന്‌ നൽകേണ്ടത്‌. ഈ ഭൂമിയിൽ പള്ളി നിർമിക്കാം. ഇതിനായി മൂന്ന്‌ മാസത്തിനകം കേന്ദ്രം ട്രസ്‌റ്റ്‌ രൂപീകരിക്കണം. ബാബ്‌റി മസ്‌ജിദ്‌ നിലനിന്ന 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ചുള്ള അലഹബാദ്‌ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ്‌ വിധി.

തർക്കഭൂമിയിൽ ക്ഷേത്ര നിർമാണത്തിനും കേന്ദ്രസർക്കാർ ട്രസ്‌റ്റ്‌ രൂപീകരിക്കണം. അതിൽ നിർമോഹി അഖാഡയ്‌ക്ക്‌ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണം. ഭൂമി മൂന്നായി വിഭജിച്ച അലഹബാദ്‌ കോടതിവിധി നിലനിൽക്കുന്നതല്ലെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ വിധിച്ചു. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്‌ വിധി പ്രസ്‌താവിച്ചത്‌. ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്കുപുറമേ ജസ്‌റ്റിസുമാരായ എസ്‌ എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്‌, അശോക്‌ ഭൂഷൺ, എസ്‌ എ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ്‌ വിധി. ഏകകണ്‌ഠമായ വിധിയാണ്‌ പ്രസ്‌താവിച്ചത്‌.

പ്രധാന നിരീക്ഷണങ്ങൾ

ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിക്കാൻ കോടതിക്കാവില്ല. രാമജന്മഭൂമിക്ക്‌ നിയമവ്യക്തിത്വം ഇല്ല. ശ്രീരാമന്‌ നിയമവ്യക്തിത്വം ഉണ്ട്‌. നിർമോഖി അഖാഡെയുടെ ഹർജി നിലനിൽക്കില്ല. ഖനനത്തിൽ ക്ഷേത്രാവശിഷ്‌ടങ്ങൾ കണ്ടെത്തിയെന്ന ആർക്കിയോളജിക്കൽ സർവേ റിപ്പോർട്ട്‌  തള്ളിക്കളയാനാവില്ല.

ക്ഷേത്രം പൊളിച്ചാണ്‌ പള്ളി പണിതതെന്ന്‌ റിപ്പോർട്ടിൽ പറയുന്നില്ല. അയോധ്യ രാമജന്മഭൂമിയാണെന്നാണ്‌ ഹൈന്ദവ വിശ്വാസമെന്ന്‌ ചരിത്രരേഖയും സാക്ഷി മൊഴിയും. രാം ചബ്രൂതയിലും സീത രസോയി ഹിന്ദുക്കൾ പൂജ നടത്തിയതിന്‌ തെളിവുണ്ട്‌.വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഉടമസ്ഥനെ തീരുമാനിക്കനാകില്ല.

ഏഴുപതിറ്റാണ്ട്‌ നീണ്ട നിയമപോരാട്ടമാണ്‌ സുപ്രീംകോടതി വിധിയോടെ അവസാനിക്കുന്നത്‌. സുന്നി വഖഫ്‌ ബോർഡ്‌, നിർമോഹി അഖാഡ, രാമ വിഗ്രഹത്തിന്റെ പ്രതിനിധികൾ എന്നിവർക്ക്‌ 2.77 ഏക്കർ ഭൂമി തുല്യമായി വീതിച്ച്‌ 2010 സെപ്‌തംബറിലാണ്‌ അലഹബാദ്‌ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്‌. ഇതിനെതിരെ മൂന്ന്‌ കക്ഷികളും സുപ്രീംകോടതിയെ സമീപിച്ചു. തുടർച്ചയായി നാൽപ്പത്‌ ദിവസമാണ്‌ വാദംകേട്ടത്‌.