കാന്തന് ശേഷം ആണ്ടാളുമായി ഷെരീഫ് ഈസ : ഫസ്റ്റ്‌ ലൂക്ക് പോസ്റ്റർ പ്രകാശനം ചെയ്തു, പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നു..ആശംസകളോടെ സിനിമാ മേഖലയിലെ പ്രശസ്തരും..

കഴിഞ്ഞ വർഷത്തെ മികച്ച സിനിമാ സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയ ഷെരീഫ് ഈസ സംവിധാനം ചെയ്യുന്ന പുതിയ ചലച്ചിത്രം 'ആണ്ടാൾ' -ന്റെ ഷൂട്ടിങ് ഗവിയിൽ ആരംഭിച്ചു. ചലച്ചിത്ര താരമായ ഇർഷാദ് ആണ് നിർമ്മാണം. സംവിധായകൻ ഷെരീഫ് ഈസയുടെ ആദ്യ ചലച്ചിത്ര സംരംഭം ആയിരുന്നു കഴിഞ്ഞ വർഷത്തെ മികച്ച സിനിമയ്ക്കുള്ള അവാർഡ് നേടിയ കാന്തൻ ദി ലവർ ഓഫ് കളർ.

 കേരളത്തിലും തമിഴ്‌നാട്ടിലുമടക്കം ഇന്ന് ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്ന സിനിമയാണ് ആണ്ടാള്‍. ആയിരത്തി എണ്ണറുകളില്‍ ബ്രീട്ടീഷുകാര്‍ ശ്രീലങ്കയിലേക്ക് തോട്ടംതൊഴിലിനായി കൊണ്ടുപോയ തമിഴരെ 1964ല്‍ ശാസ്ത്രി-സിരിമാവോ ഒപ്പിട്ട ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം കൈമാറ്റം ചെയ്തു. കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും അവരെ കൂട്ടത്തോടെ പുനരധിവസിച്ചു. കാടിനോടും പ്രതികൂല ജീവിത ആവാസവ്യവസ്ഥകളോടും പൊരുതി അവര്‍ അതിജീവിച്ചു. അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്തതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്‌നങ്ങള്‍ തൊട്ട് എല്‍.ടി.ടിഇയും രാജീവ്ഗാന്ധിവധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു.

പ്രമുഖ നടീനടന്മമാരായ ഇര്‍ഷാദ് അലി, അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവര്‍ക്കൊപ്പം ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ വേഷമിടുന്നു.

ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.

പ്രമോദ് കൂവേരി രചന നിര്‍വ്വഹിക്കുന്നു.
ഛായാഗ്രഹണം: പ്രിയന്‍
എക്‌സിക്യൂട്ടീവ് പ്രോഡ്യൂസര്‍: വിനു കാവനാട്ട്, നിശാന്ത് എ.വി. ലൈന്‍ പ്രോ: സന്തോഷ് പ്രസാദ്, ഷാജി അസീസ്. മ്യൂസിക്: രഞ്ജിന്‍ രാജ്, എഡിറ്റിംഗ്: പ്രശോഭ്, കോസ്റ്റ്യൂസ്: അരുണ്‍ മനോഹര്‍, സൗണ്ട് ഡിസൈന്‍: എം.ഷൈജു, പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍: കെ.ജി.ബാബു. മേക്കപ്പ്: രഞ്ജിത്ത് മണിലിപ്പറമ്പ്. ആര്‍ട്ട്: ഷെബി ഫിലിപ്പ്. ഫസ്റ്റ് അസി.ഡയരക്ടര്‍ ഷിജി.ടി.വി. സ്റ്റില്‍സ് ടോണി മാണിപ്ലാക്കല്‍. ഡിഐ. നികേഷ് രമേഷ്. അസി.ഡയരക്ടര്‍: ശരത് കെ. ചന്ദ്രന്‍, രാജേഷ് ബാലന്‍. ആര്‍ട്ട്.അസി: ഉണ്ണികൃഷ്ണന്‍ മോറാഴ. കേമറ അസി: രഞ്ജിത്ത് പുത്തലത്ത്. ഡ്രോണ്‍: പ്രതീഷ് മയ്യില്‍.   


വയനാട്ടിലെ അടിയ വിഭാഗത്തിലെ ആചാരങ്ങളും ജീവിതങ്ങളും പ്രമേയമാക്കിയ കാന്തൻ ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ചലച്ചിത്രമായിരുന്നു. ഇന്ത്യയിലും വിദേശത്തും ഉള്ള നിരവധി ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു.
ഷെരീഫ് ഈസയുടെ രണ്ടാമത്തെ സംരംഭമാണ് 'ആണ്ടാൾ'. മോഹൻലാൽ മമ്മൂട്ടി ടോവിനോ തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരും ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

Aandaal | Shareef Easa | Irshad