ഇനി യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ ഇല്ല.



ലണ്ടൻ : ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന്‌ പുറത്തായി. വെള്ളിയാഴ്‌ച രാത്രി 11നാണ്‌ (ഇന്ത്യൻ സമയം ശനിയാഴ്‌ച പുലർച്ചെ 4.30) ബ്രിട്ടൻ ഔപചാരികമായി ഇയുവിന്‌ പുറത്തായത്‌.

അതിന്‌ ഒരു മണിക്കൂർ മുമ്പ്‌ രാഷ്‌ട്രത്തോട്‌ നടത്തിയ പ്രസംഗത്തിൽ ഇത്‌ ബ്രിട്ടന്റെ പുതിയ ഉദയം എന്നാണ്‌ പ്രധാനമന്ത്രി ബോറിസ്‌ ജോൺസൺ വിശേഷിപ്പിച്ചത്‌. യൂറോപ്യൻ യൂണിയനിൽ ഇനിയുള്ളത്‌ 27 രാജ്യം.യൂറോപ്യൻ സാമ്പത്തിക കൂട്ടായ്‌മയിൽ അംഗമല്ലാതായ ബ്രിട്ടൻ 47 വർഷത്തെ ബന്ധമാണ്‌ അവസാനിപ്പിച്ചത്‌. ഇതോടെ യൂറോപ്യൻ കോടതിയടക്കം ഇയു സ്ഥാപനങ്ങളിലും ബ്രിട്ടൻ അംഗമല്ലാതായി. എങ്കിലും ഡിസംബർ 31 വരെയുള്ള 11 മാസത്തെ പരിവർത്തനകാലത്ത്‌ ബ്രിട്ടൻ ഇയു ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കും. ബ്രെക്‌സിറ്റ്‌ നടപ്പായ നിമിഷത്തിൽ ബ്രിട്ടൻ 50 പെൻസിന്റെ സ്‌മരണികാ നാണയം പുറത്തിറക്കി. ഇയുവിന്റെ ബ്രസൽസ്‌ ആസ്ഥാനത്തുനിന്ന്‌ ബ്രിട്ടീഷ്‌ പതാക അഴിച്ചു. 2016 ജൂണിലെ ഹിതപരിശോധനയിലാണ്‌ ബ്രിട്ടീഷ്‌ ജനത ഇയു വിടാൻ വോട്ട്‌ ചെയ്‌തത്‌.