കൊറോണ വൈറസ്: നിരീക്ഷണം ശക്തം; ആശങ്കയൊഴിയുന്നു; മൂന്ന് വിദേശികള്‍ നിരീക്ഷണത്തിൽ.


കൊറോണ; സംസ്ഥാനത്ത് 1999 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൊറോണ ബാധിതരുടെ നിരീക്ഷണം ഒന്നുകൂടി ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌ തീരുമാനം. വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണിത്‌.

ആറ്‌ ഡോക്ടർമാരടങ്ങുന്ന മൂന്ന്‌ സംഘങ്ങളുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. കൂടുതൽ വൈറസ്‌ ബാധ റിപ്പോർട്ട്‌ ചെയ്‌തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

മത, സാമുദായിക നേതാക്കളുടെ യോഗം വിളിക്കും

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മത, സാമുദായിക സംഘടന നേതാക്കളുടെ യോഗം വിളിക്കാൻ കലക്ടർമാർക്ക്‌ നിർദേശം നൽകി. പ്രതിരോധ പ്രവർത്തനം, ബോധവൽക്കരണം എന്നിവയിൽ പങ്കാളിത്തവും സഹായവും ഉറപ്പാക്കാനാണിത്‌.

തിരിച്ചുവിളിക്കരുത്‌

ചൈനയിലെ ചില സർവകലാശാലകൾ കേരളത്തിലെ വിദ്യാർഥികളെ തിരിച്ച്‌ വിളിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. തിരിച്ചുവിളിക്കരുതെന്ന്‌ സംസ്ഥാനം കേന്ദ്രത്തോട്‌ ആവശ്യപ്പെടും. ഇക്കാര്യം നോർക്കയുടെയും കേന്ദ്ര സെക്രട്ടറിയുടെയും ശ്രദ്ധയിൽപ്പെടുത്തി.

1696 പേർക്ക്‌ കൗൺസലിങ്‌

ചൈനയിൽ നിന്ന്‌ മടങ്ങിയെത്തി നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവരുടെ കുടുംബംഗങ്ങൾക്കും ആശ്വാസമായി മാനസികാരോഗ്യ പരിപാടി. 1696 പേർക്ക്‌ കൗൺസലിങ്‌ നൽകി.

3 വിദേശികൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത്‌ മൂന്ന്‌ വിദേശികളും നിരീക്ഷണത്തിലുണ്ട്‌. എറണാകുളത്ത്‌ രണ്ട്‌ പേരും തിരുവനന്തപുരത്ത്‌ ഒരാളുമാണുള്ളത്‌.

കൺട്രോൾ റൂമിൽ 9000 കോൾ

കൊറോണ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനത്തിന്‌ ആരോഗ്യ ഡയറക്ടറേറ്റിൽ ആരംഭിച്ച കൺട്രോൾ റൂമിൽ ലഭിച്ചത്‌ 9000 കോൾ. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടിയതിനാൽ കൺട്രോൾ റൂമിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കി. ഡോക്ടർമാർ ഉൾപ്പെടെ നൂറോളം ആരോഗ്യവിദഗ്ധർ 24 മണിക്കൂറും സെന്ററിലുണ്ട്‌. നമ്പർ: 0471 2309250, 2309251, 2309252.

സഹായിക്കാൻ പൊലീസും

വിദേശരാജ്യങ്ങളിൽനിന്ന് കേരളത്തിൽ എത്തിയവരെ കണ്ടെത്തി വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കാൻ പൊലീസ്‌ സഹായിക്കും. ജനമൈത്രി പൊലീസിന്റെ സഹായത്തോടെയാണിത്‌.

മദ്യപിച്ചവരെ ഊതിക്കില്ല

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് നടത്തുന്ന പരിശോധന തൽക്കാലം നിർത്തിവയ്‌ക്കും. മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയംതോന്നിയാൽ അവരെ വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയരാക്കും.

പഠനയാത്ര തൽക്കാലം വേണ്ട

കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന്‌ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള പഠന, വിനോദ യാത്രകൾ മാർച്ച്‌ 31 വരെ നിർത്തിവച്ചു. ചീഫ്‌ സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന വകുപ്പുമേധാവികളുടെ യോഗത്തിലാണ്‌ തീരുമാനം.