കൊറോണ വൈറസ് ; ആശങ്ക വേണ്ട ജാഗ്രത മതി


കൊറോണ വൈറസ് (2019 nCoV),

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,000 കടന്നു,

മരണമടഞ്ഞവരുടെ എണ്ണം-305

ചൈനയ്ക്ക് വെളിയിൽ ആദ്യമരണം, ഫിലിപ്പൈൻസിൽ - 1

ഇതുവരെയുള്ള കണക്കുകൾ പ്രകാരം മരണ ശതമാനം - 2.1%

ഭയവും ആശങ്കയും വേണ്ട, ജാഗ്രത പുലർത്തുക.

എന്തുകൊണ്ട് ഇന്ത്യയിൽ കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്ന് പലരും സംശയം ചോദിച്ചിരുന്നു.

കേരളത്തിൽ നിന്നുള്ള ധാരാളം പേർ ചൈനയിൽ വിദ്യാഭ്യാസം നേടുന്നുണ്ട് എന്നത് ഒരു കാരണം. ചൈനയിലെ വുഹാൻ പ്രദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം നേടുന്ന ധാരാളം വിദ്യാർത്ഥികൾ ഉണ്ട് കേരളത്തിൽ നിന്നും. സ്വാഭാവികമായിത്തന്നെ അവിടെ ഒരു അസുഖം വന്നാൽ ചിലപ്പോൾ പകർന്ന് ലഭിക്കാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.

ചൈനയിൽ മാത്രമല്ല ധാരാളം വിദേശരാജ്യങ്ങളിൽ കേരളീയ വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. നിരവധി വിദേശ രാജ്യങ്ങളിൽ കേരളീയർ ജോലി ചെയ്യുന്നുണ്ട്. കേരളീയരിൽ കുറച്ചെങ്കിലും വിശ്വമാനവർ ആയി മാറുന്നുണ്ട്. ലോകം ചെറുതായി വരികയാണ്. അതിന് ധാരാളം ഗുണങ്ങൾ ഉണ്ട്, ഇതുപോലുള്ള ചെറിയ ദൂഷ്യങ്ങളുമുണ്ട്. അത് ഒഴിവാക്കാൻ എളുപ്പം അല്ലാത്തതും ആണ്.

രണ്ടാമത്തെ കാര്യം കേരളത്തിലെ നിരീക്ഷണ-ചികിത്സാ സംവിധാനങ്ങൾ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താൽ ഉയർന്ന നിലവാരം പുലർത്തുന്നു എന്നതാണ്.

നമ്മൾ ശ്രദ്ധിക്കേണ്ടത് പ്രധാനമായും ഒരു കാര്യമാണ്...

കൊറോണ വൈറസ് ബാധയുള്ള സ്ഥലങ്ങളിൽ നിന്നും വന്നവർ നിരീക്ഷണത്തിൽ ആയിരിക്കണമെന്നത് 100% ഉറപ്പിക്കണം. പനി, ജലദോഷം പോലുള്ള അസുഖങ്ങൾ ഇല്ലെങ്കിലും നിരീക്ഷണ വിധേയരായിരിക്കണം. കാരണം അസുഖം ആരംഭിക്കാത്ത, വൈറസ് ബാധിതരായ ആൾക്ക് പോലും അസുഖം പകർന്നു നൽകാൻ സാധ്യതയുണ്ട് എന്നതാണ്.

കേരളത്തിൽ രണ്ടാമതൊരാൾക്ക് കൊറോണ വൈറസ് ബാധ ഉണ്ടായോ എന്ന സംശയത്തിലാണ്.

അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കേണ്ടത് ഒരേ കാര്യം തന്നെയാണ്,

ഏതെങ്കിലും രീതിയിൽ വൈറസ് ബാധയുള്ള സ്ഥലത്ത് എക്സ്പോഷർ ഉണ്ടായവർ നാട്ടിലെത്തിയാൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം.

അവർ 'ദിശ'യുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും. ഫോൺ നമ്പർ: 1056, 0471 2552056

ഇതു കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻററും ഉണ്ട്. ഫോൺ നമ്പർ: 0471 2309250, 2309251, 2309252

ഓർക്കുക,

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരിക്കലും സ്വമേധയാ ആശുപത്രികളില്‍ പോകരുത്. കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് അവര്‍ നിയോഗിക്കുന്ന വാഹനത്തില്‍ ആശുപത്രിയിലെത്തണം.

ഒരിക്കൽ കൂടി ഓർമ്മിക്കുക,

ഭയവും ആശങ്കയും വേണ്ട, ജാഗ്രത പുലർത്തുക.