കേരളം കൂടുതൽ ജാഗ്രതയിൽ ;സ്കൂളുകളും തീയറ്ററുകളും അടച്ചിടും: മത ചടങ്ങുകൾ ഒഴിവാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം : ഈ മാസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

  എട്ട്, ഒന്‍പത്, എസ്, പ്ലസ് ടു പരീക്ഷകള്‍ മാത്രം നടത്തും. CBSE, ICSE സ്കൂളുകള്‍ക്കും അവധി ബാധകമാണ്. അംഗന്‍വാടികളും മദ്രസകളും, സിനിമ തിയേറ്ററുകളും എല്ലാം അടച്ചിടും. ഉല്‍സവങ്ങളും ചടങ്ങുകളും ഒഴിവാക്കണം. ശബരിമല ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. സിനിമശാലകളും നാടകങ്ങളും മാര്‍ച്ച് 31വരെ ഒഴിവാക്കണം. കല്യാണച്ചടങ്ങുകള്‍ ലളിതമാക്കമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

കോവിഡ് മേഖലയില്‍നിന്ന് വരുന്നവര്‍ വിവരങ്ങള്‍ മറച്ചുവയ്ക്കരുത്. മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. സാനിറ്റൈസര്‍, മാസ്ക് എന്നിവ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആറുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്.  ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം പന്ത്രണ്ടായി. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.