കണ്ണൂരിലെ പെട്രോൾ - പാചകവാതക തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീർന്നു. (11 മാർച്ച് 2020)

കണ്ണൂർ : പെട്രോൾ പമ്പ് സമരം പിൻവലിച്ചു, ജീവനക്കാരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ജില്ലാ കലക്ടർ ടി വി സുഭാഷ് വിളിച്ച യോഗത്തിലാണ് തീരുമാനമുണ്ടായത്. കലക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ പമ്പുടമകൾ, തൊഴിലാളി നേതാക്കൾ, ജില്ലാ ലേബർ ഓഫീസർ എന്നിവർ പങ്കെടുത്തു. പമ്പ് ഉടമകൾ കോടതിയിൽ നൽകിയ ഹരജിയിൽ നാളെ വൈകുന്നേരത്തിന് മുമ്പ് തീരുമാനമായില്ലെങ്കിൽ മിനിമം വേജസ് എന്ന സർക്കാർ ഉത്തരവ് നടപ്പാക്കും. ഈ ഉറപ്പിൻമേലാണ് രണ്ട് ദിവസമായി നടന്നു വന്ന സമരം പിൻവലിച്ചത്. ജീവനക്കാരുടെ മിനിമം വേതനം 18000 രൂപയാക്കുക, മുഴുവൻ ജീവനക്കാർക്കും പി എഫ്, ഇ എസ് ഐ, ക്ഷേമനിധി ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐഎൻടിയുസി, സിഐടിയു, ബി.എം.എസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി പണിമുടക്ക് ആരംഭിച്ചത്.