കോട്ടയത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നാലുപേരിൽ അധികം കൂട്ടംകൂടരുത്‌ | 144 In Kottayam District, due to spread fake news about CoViD-19 Situations


കോട്ടയം : കോട്ടയം ജില്ലയില്‍  നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. അവശ്യ സര്‍വ്വീസുകളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയുള്ള മുന്‍കരുതലാണ് നിരോധനാജ്ഞ.

ഇന്നലെ പായിപ്പാട് ലോക്ഡൗണ്‍ ലംഘിച്ച് അതിഥിതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. സംഭവം ദൗര്‍ഭാഗ്യകരമായി പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. നാടാകെ കൊവിഡ്- 19നെ ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ ഘട്ടത്തില്‍ ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത ഒന്നാണ് നടന്നതെന്നും അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കൊറോണ വ്യാപനം തൊഴില്‍ നഷ്ടപ്പെടുത്തുന്ന ഘട്ടത്തില്‍ അവരെ താമസിപ്പിക്കാനും അവര്‍ക്ക് ഭക്ഷണവും വൈദ്യസഹായവും എത്തിക്കാനും ഇവിടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും  5000ഓളം ക്യാമ്പുകളിലായി 1,70,000ലേറെ അതിഥി തൊഴിലാളികളെ ഇപ്പോള്‍ സംസ്ഥാനത്ത് പാര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പായിപ്പാട്ട് കൂട്ടത്തോടെ അതിഥിതൊഴിലാളികള്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്ന സൂചനയുണ്ടെന്നും  അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.