കണ്ണൂരിലെ പെട്രോൾ പമ്പ് - പാചക വാതക തൊഴിലാളികളുടെ സമരം തുടരുന്നു, ജന ജീവിതം സ്തംഭനത്തിലേക്ക്.

കണ്ണൂർ: കണ്ണൂരിൽ പെട്രോൾ-പാചക വാതക വിതരണ തൊഴിലാളികൾ നടത്തി വരുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിനം പിന്നിട്ടു. ഇതോടെ ജനജീവിതം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. വേതന വർധനവ് ആവശ്യപ്പെട്ടാണ് സംയുക്ത സമരസമിതി സമരമാരംഭിച്ചത്.കണ്ണൂരിൽ 160 പമ്പുകളാണ് പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരിക്കുന്നത്.
സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ തിങ്കളാഴ്‌ച അർധരാത്രിയോടെയാണ്‌ അനിശ്‌ചിതകാല സമരം തുടങ്ങിയത്‌. പാചക വാതക തൊഴിലാളികളും പണിമുടക്കുന്നുണ്ട്‌. ഇതോടെ ഇന്ധന ക്ഷാമവും രൂക്ഷമായി. ഇതിന്റെ തുടർച്ചയായി സ്വകാര്യവാഹന ഗതാഗതമടക്കം നിലച്ചു. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്‌ എന്നീ സംഘടനകളാണ്‌ സംയുക്ത സമരസമിതിലുള്ളത്‌.


പെട്രോൾ പമ്പ്‌ ജീവനക്കാരുടെ മിനിമം വേതനം അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. പാചക വാതക തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരത്ത്‌ ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. പെട്രോൾ പമ്പ്‌ സമരം ഒത്തുതീർക്കുന്നതിനായി ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ജില്ലാ കലക്ടർ ടി വി സുഭാഷ് പമ്പുടമകളുടെയും സംയുക്ത സമരസമിതി നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്.


ചൊവ്വാഴ്ച്ച പണിമുടക്കിയ തൊഴിലാളികൾ വിവിധ ഏരിയാ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ വി വി ശശീന്ദ്രൻ, പി ചന്ദ്രൻ, എൻ കെ ഉമേഷ്‌ ബാബു, പി പ്രകാശ്‌ കുമാർ, എ രാജേഷ്‌, വി രവീന്ദ്രൻ, ടി കെ രാജേഷ്‌, ഷമീർ പള്ളിപ്രം, സി ദിവാകരൻ എന്നിവർ സംസാരിച്ചു.