കൊറോണ: സംസ്‌ഥാനത്ത്‌ അതീവ ജാഗ്രത; പൊതുപരിപാടികൾ നിർത്തി, 7 വരെ ക്ലാസുകൾക്ക്‌ അവധിതിരുവനന്തപുരം : കോവിഡ് 19 മുന്‍കരുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്താകെ പൊതുപരിപാടികള്‍ നിര്‍ത്തിവെക്കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല.  8,9,10 ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. മാർച്ച്‌ അവസാനം വരെയുള്ള പൊതുപരിപാടികളാണ്‌ നിർത്തിവെച്ചിട്ടുള്ളത്‌. സംസ്‌ഥാനമാകെ അതീവ ജാഗ്രത പുലർത്താനും തീരുമാനമായി. സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു.

വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.