കണ്ണൂർ സ്വദേശിയായ കൊറോണ ബാധിതൻ സഞ്ചരിച്ച വഴികൾ കാണാം ; റൂട്ട് മാപ്പ് കളക്‌ടർ ഔദ്യോഗികമായി പുറത്തുവിട്ടു | CoViD -19 Kannur Patient Flow Chart Publishedകണ്ണൂർ : കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. അഞ്ചിടങ്ങളിലാണ് ഇയാൾ സഞ്ചരിച്ചത്. മാർച്ച് അഞ്ചാം തീയതി രാത്രി 9.30 ഓടെ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്. 9.30 മുതൽ 11 മണിവരെ വിമാനത്താവളത്തിൽ തന്നെ ചെലവഴിച്ചു. പതിനൊന്ന് മണിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. തുടർന്ന് കുടുംബത്തോടൊപ്പം ടാക്‌സിയിൽ കയറി. 12 ഓടെ രാമനാട്ടുകരയിലെ ഹോട്ടൽ മലബാർ പ്ലാസയിൽ കയറി ഭക്ഷണം കഴിച്ചു. അതിനുശേഷം നേരെ വീട്ടിലേയ്ക്ക് പോയി.

പുലർച്ചെ നാല് മണിയോടെ കണ്ണൂരുള്ള വീട്ടിലെത്തി. ഏഴാം തീയതി ഉച്ചയ്ക്ക് 2.30ഓടെ കണ്ണൂർ മാത്തിൽ എന്ന സ്ഥലത്തുള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഇയാൾ എത്തി. രണ്ടര മുതൽ 2.40 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്നാണ് അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളജിലേക്ക് അയയ്ക്കുന്നത്. തുടർന്ന് അവിടെ അഡ്മിറ്റായി. ഏഴാം തീയതി മുതൽ പത്താം തീയതി വരെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സ തേടി. പത്താം തീയതി വൈകിട്ടോടെ വീട്ടിലേക്ക് മാറ്റി. തുടർന്നുള്ള രണ്ട് ദിവസം വീട്ടിൽ കഴിഞ്ഞു. അതിനുശേഷം ഇദ്ദേഹം എവിടെയും പോയിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.