ഇന്ന് ജൂൺ 26, ലോക ലഹരി വിരുദ്ധ ദിനം : മനുഷ്യനെ കാർന്നു തിന്നുന്ന ലഹരിയുടെ ചുഴിയിൽ നിന്നും രക്ഷപ്പെടാൻ ആരംഭിച്ച ലഹരി വിരുദ്ധ ദിനം, ചരിത്രം മുതൽ ഇക്കൊല്ലത്തെ പ്രമേയം വരെ

കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്

ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബർ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. ഈ വർഷത്തെ പ്രമേയവും ലക്ഷ്യവും അടക്കമുള്ള കാര്യങ്ങൾ വിശദമായി അറിയാം.

ചരിത്രം ഇങ്ങനെ

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കുടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.

പ്രാധാന്യം എന്ത്?

ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.

വിവിധ പരിപാടികൾ

ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളുകളിലും കോളേജുകളിലും പലവിധ പരിപാടികൾ അരങ്ങേറാറുണ്ട്. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പല പരിപാടികളും നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പരിപാടികൾ സംഘടിപ്പിക്കാനാകില്ലെങ്കിലും ഓൺലൈനായി പല പരിപാടികളിലും വിദ്യാർത്ഥികൾ പങ്കാളികളാകും.

യു.എൻ.ഒ.ഡി.സി

യൂണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം ആണ് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം. നാർക്കോട്ടിക്സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുവിൽക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും മരുന്ന് വ്യവസായത്തിന്റെ മറവിൽ നടക്കുന്ന അനിധികൃ മയക്കുമരുന്ന് കടത്തിനെതിരെ നടപടികൾ സ്വീകരിക്കുക എന്നത് ഈ ദിനത്തിന്റെ ലക്ഷ്യമാണ്.

ഈ വർഷത്തെ പ്രമേയം

ഓരോ വർഷവും ലഹരി വിരുദ്ധ ദിനത്തിന് ഔദ്യോഗിക പ്രമേയങ്ങളുണ്ടാകും. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവെക്കുക (Share facts on drugs. Save lives) എന്നതാണ് 2021 ലെ ഔദ്യോഗിക പ്രമേയം.

പ്രമേയത്തിന്റെ ലക്ഷ്യം

2021ലെ ഔദ്യോഗിക പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

നിർണായക വിവരങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്.

2020ലെ പ്രമേയം

Better Knowledge for Better Care- മികച്ച പരിചരണത്തിനായി മികച്ച അറിവ്. എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം.