കൊറോണ; വിദേശത്ത് നിന്നെത്തിയ കണ്ണൂര്‍, തൃശ്ശൂര്‍ സ്വദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചു | CoViD 19 | Kannur Thrissur


തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി രണ്ട് പേര്‍ക്ക് കൂടി കൊറോണ. കണ്ണൂരിലും തൃശ്ശൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കണ്ണൂരിലെ രോഗി ദുബൈയില്‍ നിന്നും തൃശ്ശൂരിലെ രോഗി ഖത്തറില്‍ നിന്നും വന്നതാണ്. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 16 ആയി.

തിരുവനന്തപുരം സ്വദേശിയുടെ അന്തിമഫലം ലഭിക്കാനുണ്ട്. കോവിഡ് 19 സംശയിക്കുന്ന 4150 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് പറയാറായിട്ടില്ല. മാര്‍ച്ച് 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കണമെന്ന് ആവര്‍ത്തിക്കുന്നു. ടൂറിസം, വ്യാപാരം ഇവയെ സ്തംഭിപ്പിക്കാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പക്ഷേ ജാഗ്രത തുടരേണ്ട സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതെങ്കിലും വിദേശിയെ കണ്ടാല്‍ കൊറോണ കൊറോണ എന്ന് വിളിച്ച് പുറകെ നടക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. ഇത് നാടിന് ദുഷ്‌പേര് ഉണ്ടാക്കും. അത്തരം നിലപാടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആറ് ടോള്‍ ഫ്രീ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കൈവിട്ടുപോകാവുന്ന സ്ഥിതിയാണെന്നും എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.