മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍; എങ്ങനെ വാക്സിനായി രജിസ്റ്റർ ചെയ്യാം, എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം ?? അറിയേണ്ടതെല്ലാം ...

മെയ് ഒന്നു മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്സിനേഷന്‍ ആരംഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവില്‍ 45 വയസിനു മുകളില്‍ മാത്രം പ്രായമുള്ളവര്‍ക്കാണ് കോവിഡ് വാക്സിനേഷന്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

’18 വയസ്സിന് മുകളിലുള്ള എല്ലാവരും COVID-19 നെതിരെ വാക്സിന്‍ എടുക്കാന്‍ യോഗ്യരാണ്’ — സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ‘വാക്സിന്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ വിതരണത്തിന്റെ 50 ശതമാനം വരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓപ്പണ്‍ മാര്‍ക്കറ്റിലും മുന്‍കൂട്ടി പ്രഖ്യാപിച്ച വിലയ്ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്’ — കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ അനുസരിച്ച്‌ 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാക്സിന്‍ സ്വീകരിക്കാന്‍ ചെയ്യേണ്ടത്

1. CoWIN — cowin.gov.in ഔദ്യോഗിക വെബ്സൈറ്റില്‍ കയറുക

2. നിങ്ങളുടെ പത്തക്ക മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും (അല്ലെങ്കിൽ ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കാവുന്ന ഒരു ഐഡി പ്രൂഫ് നമ്പർ) രജിസ്റ്റര്‍ ചെയ്യുക.

3. മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക.

4. രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സൗകര്യമുള്ള ദിവസവും സമയവും നിശ്ചയിക്കാം.

5. നിങ്ങള്‍ നല്‍കിയ ദിവസം കോവിഡ് വാക്സിന്‍ സ്വീകരിക്കാവുന്നതാണ്.

ഇതിന് ശേഷം നിങ്ങള്‍ക്ക് ഒരു റഫറന്‍സ് ഐഡി ലഭിക്കും. ഇതുവഴി നിങ്ങളുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാം.

വാക്സിനേഷന് എന്തൊക്കെ രേഖകള്‍ വേണം

താഴെ പറയുന്ന രേഖകളില്‍ (രജിസ്‌ട്രേഷൻ സമയത്ത് നൽകിയ) ഏതെങ്കിലും ഒരെണ്ണം വാക്സിന്‍ രജിസ്ട്രേഷന് നല്‍കേണ്ടതാണ്.

1. ആധാര്‍ കാര്‍ഡ്

2. പാന്‍ കാര്‍ഡ്

3. വോട്ടര്‍ ഐഡി

4. ഡ്രൈവിങ് ലൈസന്‍സ്

5. തൊഴില്‍ മന്ത്രാലയം നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്

6. മഹാത്മാ ഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ്

7. ഗാരന്റീ ആക്‌ട് ജോബ് കാര്‍ഡ്

8. എംപി/എംഎല്‍എ/എംഎല്‍സി നല്‍കിയ ഔദ്യോഗിക ഐഡിന്റിറ്റി കാര്‍ഡ്

9. പാസ്പോര്‍ട്ട്

10. പോസ്റ്റ് ഓഫീസ്/ബാങ്ക് പാസ് ബുക്ക്

11. പെന്‍ഷന്‍ ഡോക്യുമെന്റ്

12. കേന്ദ്ര/സംസ്ഥാന/ പൊതു മേഖലാ സ്ഥാപനത്തിലെ സര്‍വീസ് ഐഡിന്റിറ്റി കാര്‍ഡ്.

അതേസമയം,24 മണിക്കൂറിനിടെ 2,59,170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,53,21,089 ആയി ഉയർന്നു. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 20,31,977 പേരാണ് ചികിത്സയിൽ കഴിയുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 1,761 പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,80,530 ആയി ഉയർന്നു. നിലവിൽ 12,71,29,113 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1,54,761 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരുടെ ആകെ എണ്ണം 1,31,08,582 ആയി ഉയർന്നതായും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 

ഒപ്പംതന്നെ ‚കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് കോര്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. രാത്രി ഒന്‍പത് മുതല്‍ രാവിലെ ആറ് വരെയാണ് ബാധകം. അതേ സമയം ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല.

സാധ്യമായ ഇടങ്ങളില്‍ വര്‍ക് ഫ്രം ഹോം നടപ്പാക്കും. വിദ്യാര്‍ഥികളുടെ സ്വകാര്യ ട്യൂഷന്‍ ഒഴിവാക്കും. മാള്‍, തിയറ്റര്‍ സമയം രാത്രി ഏഴുവരെയാക്കി എന്നാണ് സൂചന. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടന്‍ ഇറക്കും.‌