മാഹിയില്‍ ഒരാള്‍ക്ക് കോവിഡ്; കേന്ദ്രഭരണപ്രദേശത്തെ ആദ്യ കേസ് | CoViD-19 Virus Positive Case At Mahe

മാഹി:  കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് മടങ്ങിയെത്തിയ 68കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്രഭരണപ്രദേശത്ത് കൊറോണ ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

ആഴ്ചകള്‍ക്ക് മുന്‍പാണ് ഇവര്‍ മാഹിയില്‍ എത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവരില്‍ കോവിഡ് സ്ഥിരീകരിച്ചത്. മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തില്‍ 24 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മലപ്പുറത്തും കാസര്‍കോഡുമായി പുതുതായി മൂന്നുകേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നത്. 12740 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്നത്. 

കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ മാഹിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഈ മാസം 31 വരെ ബാറുകള്‍ അടച്ചിടാനാണ് തീരുമാനിച്ചത്.