ആഗോള വിപണിയിൽ ഇന്ധന വില ചരിത്രത്തിലെ കുറഞ്ഞ നിരക്കിൽ ; ഇന്ത്യയിൽ എന്നിട്ടും പാവപ്പെട്ടവന്റെ കീശയിൽ കൈയ്യിട്ടുവാരി സർക്കാർ - കോർപറേറ്റുകൾ പണക്കാരാകാൻ പാവങ്ങളുടെ പണം ഇന്ധനത്തിലൂടെ ഊറ്റുന്നു.| Petroleum Price In India


ന്യൂഡൽഹി : ആഗോള മാർക്കറ്റിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത്‌ പെട്രോളിനും ഡീസലിനും തീവില. 2014 മേയിൽ മോഡിസർക്കാർ അധികാരത്തിൽ വരുമ്പോൾ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വീപ്പയ്‌ക്ക്‌ 105 ഡോളറായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇത്‌  31–-34  ഡോളറായി. എന്നാൽ, രാജ്യത്ത്‌ വിൽക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ അന്നും ഇന്നും   കാര്യമായ വ്യത്യാസമില്ല.

ഡൽഹിയിൽ വ്യാഴാഴ്‌ച  പെട്രോൾ ലിറ്ററിന്‌ 70.14 രൂപയും ഡീസലിന്‌ 62.93  രൂപയുമായിരുന്നു. എണ്ണവില 105 ഡോളറായിരുന്ന 2014 മേയിൽ 71.41 രൂപയായിരുന്നു പെട്രോൾ വില. ഡീസലിന്‌ 55.48 രൂപയും. 

ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് എണ്ണവിലയിലുണ്ടായ ഇടിവ്‌ കേന്ദ്രത്തിനു വൻനേട്ടമായിരുന്നു. ഇറക്കുമതിച്ചെലവ്‌ കുറഞ്ഞതോടെ എക്‌സൈസ്‌ തീരുവ കൂട്ടുകയല്ലാതെ പെട്രോളിന്റെയും ഡീസലിന്റെയും  വില  കുറച്ചില്ല.  ഇതുവഴി  ജനങ്ങളിൽനിന്ന്‌ 10 ലക്ഷം കോടിയോളം രൂപ അധികമായി സർക്കാർ നേടി. കോർപറേറ്റുകൾക്ക്‌ നൽകുന്ന ലക്ഷക്കണക്കിനു  കോടിയുടെ നികുതിയിളവിലെ നഷ്ടം സർക്കാർ പരിഹരിക്കുന്നത്‌ പ്രധാനമായും ഈ വിധത്തിലാണ്‌. 

2010 ജനുവരിയിൽ  ആഗോളവിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌  85 ഡോളറായപ്പോൾ  ഡീസൽ ലിറ്ററിന് 37.75 രൂപയും  പെട്രോളിന്‌ 55.87 രൂപയുമായിരുന്നു. ഒന്നാം മോഡി സർക്കാരിന്റെ ആദ്യ മൂന്നു വർഷത്തിൽ എണ്ണവില വീപ്പയ്‌ക്ക്‌ 50 വരെ ഇടിഞ്ഞിട്ടും പെട്രോൾ–-ഡീസൽ വില കുറഞ്ഞില്ല.  പിന്നീട്‌ എണ്ണവില കുറച്ച്‌  ഉയർന്നപ്പോൾ പെട്രോളിനും ഡീസലിനും വിലകൂട്ടി.