ലോക്ഡൗണ്‍ മെയ് 16 വരെ നീട്ടണം; ആവശ്യവുമായി ആറ് സംസ്ഥാനങ്ങള്‍ ; മരണം 824




ദില്ലി : ലോക്ക്ഡൗണ്‍ മെയ് 16 വരെ നീട്ടണമെന്ന ആവശ്യവുമായി ആറു സംസ്ഥാനങ്ങള്‍ രംഗത്ത്.
മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ വീണ്ടും നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

മെയ് 16 വരെ നീട്ടണമെന്നാണ് ഈ സംസ്ഥാനങ്ങളുടെ ആവശ്യം. കൊറോണ വൈറസ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യം സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.
അതേസമയം, രാജ്യത്ത് മെയ് പകുതിയോടെ പുതിയ കൊറോണ കേസുകള്‍ ഇല്ലാതാകുമെന്ന് നീതി ആയോഗ് അംഗവും മെഡിക്കല്‍ മാനേജ്‌മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. കൊറോണ കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്ന് പഠനം പറയുന്നു.
ഇതിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 824 ആയി. 24 മണിക്കൂറിനിടെ 49 പേരാണ് മരിച്ചത്. 26,496 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നാലു ദിവസത്തിനിടെ 5000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മഹാരാഷ്ട്രയിലും ഗുജറാത്തിലും വൈറസ് വ്യാപനം ഉയര്‍ന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 1834 പുതിയ കേസുകളില്‍ 1067 കേസുകളും മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം മഹാരാഷ്ട്രയിലാണ്.