കോവിഡ്‌‌-19 വ്യാപനം : നിയന്ത്രണം തുടരും; അടച്ചുപൂട്ടൽ ഒറ്റയടിക്ക്‌ പിൻവലിക്കില്ല

ന്യൂഡൽഹി : കോവിഡ്‌‌ വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടച്ചുപൂട്ടൽ 14നു ഒറ്റയടിക്ക്‌ പിൻവലിക്കില്ല. രോഗബാധ രൂക്ഷമായ മേഖലകളിൽ  പ്രാദേശികനിയന്ത്രണം തുടരും.  ഡൽഹി, മഹാരാഷ്ട്ര, തമിഴ്‌നാട്‌ തുടങ്ങി രാജ്യത്തിന്റെ പലഭാഗത്തും  രോഗം അതിവേഗം പടരുന്ന പശ്‌ചാത്തലത്തിലാണിത്‌. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക്‌ അവസരം നൽകാനാണ്‌ കേന്ദ്രം ആലോചിക്കുന്നത്‌.

മഹാരാഷ്‌ട്രയിൽ രോഗികളുടെ എണ്ണം 700 കടക്കുന്നു. തമിഴ്‌നാട്ടിൽ 571 പേർക്കും ഡൽഹിയിൽ 503 പേർക്കും ഇതിനകം രോഗം കണ്ടെത്തി. ഭോപ്പാൽ, ഇൻഡോർ ഉൾപ്പെടെയുള്ള നഗരങ്ങളിലും സ്ഥിതി ഗുരുതരമാണ്‌. അവശ്യവസ്‌തുക്കളും സേവനങ്ങളും ഏതൊക്കെയാണെന്ന്‌  സംസ്ഥാനങ്ങൾക്ക്‌ തീരുമാനിക്കാമെന്ന്‌ ആഭ്യന്തരസെക്രട്ടറി എ കെ ഭല്ല വ്യക്തമാക്കി. നാലാഴ്‌ച തുടർച്ചയായി പുതിയതായി രോഗം സ്ഥിരീകരിക്കാതിരുന്നാൽ മാത്രമേ നിയന്ത്രണം പൂർണമായി ഒഴിവാക്കാനാവൂ. 

രോ​ഗവ്യാപനമുള്ള മേഖലയില്‍ അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളുവെന്ന്‌ ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ രേഖയിൽ പറഞ്ഞു. എച്ച്‌വൺ എൻവൺ പടർന്ന മാതൃകയിലാണ്‌ കോവിഡ് വ്യാപിച്ചത്‌. അതിനാൽ രാജ്യമെമ്പാടും രോഗം പടരാന്‍ സാധ്യതയില്ല.  വ്യത്യസ്‌ത മേഖലകളിൽ വെവ്വേറെ സമീപനം വേണ്ടിവരും.  അതിർത്തി അടയ്‌ക്കൽ, രോഗബാധ രൂക്ഷമായ മേഖലകളിലുള്ളവർ പുറത്തേക്ക്‌ പോകുന്നത്‌ തടയൽ, പൊതുഗതാഗതം നിർത്തിവയ്‌ക്കൽ, വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടൽ തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖയിലുണ്ട്‌.


എയർഇന്ത്യ ബുക്കിങ്  മെയ്‌ ഒന്നുമുതൽ

വ്യോമയാന കമ്പനികൾക്ക്‌ ‌14നുശേഷമുള്ള ദിവസങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റ്‌ ബുക്കിങ്‌ നടത്താമെന്ന്‌  കേന്ദ്രമന്ത്രി ഹർദീപ്‌ സിങ്‌ പുരി പറഞ്ഞു.  സ്വകാര്യ കമ്പനികൾ 15 മുതലുള്ള ടിക്കറ്റുകൾ നൽകുമ്പോൾ എയർഇന്ത്യ മെയ്‌ ഒന്ന്‌ മുതൽ മാത്രമേ ബുക്കിങ് എടുക്കുന്നുള്ളൂ.  14 നുശേഷമുള്ള ദിവസങ്ങളിലെ ബുക്കിങ്‌ നടക്കുന്നുണ്ടെന്ന്‌ റെയിൽവേ വ്യക്തമാക്കി.

എന്നാല്‍, അന്തർസംസ്ഥാന, ദീർഘദൂര ട്രെയിനുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ വിശദമായ പരിശോധന വേണ്ടിവരും.

വായുവിലൂടെ പകരില്ല

 കൊറോണ വൈറസ്‌ വായുവിലൂടെ പകരുമെന്നതിന്‌ തെളിവില്ലെന്ന്‌ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ഐസിഎംആർ) വ്യക്തമാക്കി. വായുവിലൂടെ പകരുന്നെങ്കില്‍ വൈറസ് ബാധിതരുടെ കുടുംബങ്ങളിലെ എല്ലാവര്‍ക്കും രോഗം ഉണ്ടാകേണ്ടതായിരുന്നു. ഇവർ ചികിത്സയില്‍ കഴിഞ്ഞ ആശുപത്രികളിലെ മറ്റുരോഗികള്‍ക്കും രോഗം പടരേണ്ടതായിരുന്നുവെന്നും ഐസിഎംആർ വ്യക്തമാക്കി.