കോവിഡ് 19 : നോർക്ക ധനസഹായത്തിന് അപേക്ഷിക്കാം


തിരുവനന്തപുരം : കോവിഡ് - 19ന്റെ പശ്ചാത്തലത്തിൽ  പ്രവാസികൾക്ക് പ്രഖ്യാപിച്ച  ധനസഹായ പദ്ധതികൾക്കുള്ള ഓൺലൈൻ അപേക്ഷ ശനിയാഴ്ചമുതൽ  സ്വീകരിക്കും. നോർക്ക റൂട്ട്‌സിന്‍റെ വെബ്‌സൈറ്റ്  (www.norkaroots.org)  വഴി  അപേക്ഷിക്കാം.

കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായം 1000 രൂപ ലഭിക്കും. കോവിഡ്‌ പോസിറ്റീവായ  അംഗങ്ങൾക്ക്‌  10,000 രൂപ അടിയന്തര സഹായം ലഭിക്കും.

രോഗം സ്ഥിരീകരിച്ച്‌  വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയവർക്കും സാന്ത്വന സഹായ ചട്ടപ്രകാരം 10,000 രൂപവീതം ലഭിക്കും. വിദേശരാജ്യത്ത്‌ രണ്ടുവർഷത്തിലധികം തൊഴിലെടുത്തശേഷം മടങ്ങിയെത്തി പത്തുവർഷം കഴിയാത്ത പ്രവാസികൾക്കാണ് സഹായം.  പ്രവാസി ക്ഷേമനിധി ബോർഡിൽനിന്ന്‌ സഹായധനം ലഭിക്കാത്തവർക്കുമാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

ജനുവരി ഒന്നിനുശേഷം വിദേശ രാജ്യങ്ങളിൽനിന്ന്‌ മടങ്ങിയെത്തുകയും ലോക്‌ഡൗൺ കാരണം തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിക്കാതെ വരികയും ചെയ്യുന്നവർക്കും 5000 രൂപ ധനസഹായം  ലഭിക്കും. പേര്, വിലാസം, മൊബൈൽ നമ്പർ, പാസ്‌പോർട്ടിന്റെ ഒന്ന്, രണ്ട്, മേൽവിലാസ പേജുകൾ, യാത്രാ വിവരമടങ്ങിയ പേജ്, പാസ്‌പോർട്ടിൽ ജനുവരി ഒന്നിനുശേഷം വരവ്‌  രേഖപ്പെടുത്തിയ പേജ്, വിസ പേജ്/ വിസ കോപ്പി, അപേക്ഷകന്റെ ബാങ്ക് വിവരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യണം. അവസാന തീയതി ഏപ്രിൽ 30.

വിശദവിവരം www.norkaroots.org ലും 0471-2770515  നമ്പരിലും ലഭിക്കും.