തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കോട്ടയം, കൊല്ലം ജില്ലകളില്‍ മൂന്നു വീതവും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗം സ്ഥിരീകരിച്ചത് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.
ഏഴു പേര്‍ രോഗമുക്തരായി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും വയനാട്ടില്‍ ഒരാള്‍ക്കും ഇന്ന് രോഗം ഭേദമായത്. നിലവില്‍ 114 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 21,044 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 464 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട് അബൂബക്കര്‍ എന്ന 84കാരന്‍ രക്ഷപ്പെട്ടു. ഇത് അഭിമാനകരമാണെന്നും ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തൃപ്തി രേഖപ്പെടുത്തി. കാബിനറ്റ് സെക്രട്ടറി സംസ്ഥാനത്തെ അഭിനന്ദിച്ചിട്ടുണ്ട്. പ്രവാസികളെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ കേരളം സ്വീകരിച്ച നടപടി മാതൃകപരമാണെന്നും ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാമെന്നും കേന്ദ്രം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.