ഇന്ന് ഏഴു പേര്‍ക്ക് കൊറോണ: 27 പേര്‍ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ നാല് പേര്‍, കോഴിക്കോട് രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇതില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 27 പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി അറിയിച്ചു.

ഇതുവരെ 394 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 147 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 88,855 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. വീടുകളില്‍ 88,332 പേരും ആശുപത്രികളില്‍ 532 പേരും. ഇന്ന് 108 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 17,400 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16,459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

വൈറസ് ബാധ ഭേദമായവരുടെ എണ്ണത്തിലുണ്ടാകുന്ന വലിയ വര്‍ദ്ധന കേരളത്തിന് വലിയ ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് മാത്രം രോഗം ഭേദമായത് 24 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും 268 പേര്‍ ബ്രിട്ടനിലേക്ക് പോയി. ഇവരില്‍ കൊറോണ സ്ഥിരീകരിച്ച ഏഴ് പേരുണ്ട്. സംസ്ഥാനം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ സൂചനയാണിത്. അവര്‍ കേരളത്തിന് പ്രത്യേക നന്ദി അറിയിച്ചു. ഒപ്പം നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലിക്കിടെ കൊവിഡ് ബാധിച്ച രണ്ട് പേര്‍ക്ക് ഇന്ന് രോഗം ഭേദമായെന്നും മുഖ്യമന്ത്രി അറിയിച്ചു.