സംസ്ഥാനത്ത് ഇന്ന് (28 ഏപ്രിൽ 2020) നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗം ഭേദമായതും നാലു പേര്‍ക്ക്; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ശീലമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബാങ്കുകള്‍ എല്ലാ ജപ്തി നടപടികളും നിര്‍ത്തിവയ്ക്കണം; പുസ്തകക്കടകള്‍ തുറക്കുന്നത് പരിഗണനയില്‍: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാലു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കണ്ണൂരില്‍ മൂന്നും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

ഇന്ന് നാലു പേര്‍ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍ഗോഡ് രണ്ട് പേര്‍ക്കും, കണ്ണൂരില്‍ രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് 123 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടിയവര്‍ എന്നിവരില്‍ നിന്ന് 885 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 801 നെഗറ്റീവാണ്. ഇന്നലെ 3,101 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. 2,682 എണ്ണം നെഗറ്റീവാണ്. പോസിറ്റീവായത് മൂന്ന്. 391 റിസല്‍ട്ട് വരാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനക്ക് അയച്ചു. പോസിറ്റീവായവരെ കണ്ടെത്തി ആശുപത്രിയിലാക്കിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പൂര്‍ണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ജനങ്ങള്‍ ശീലമാക്കണം. നിലവില്‍ പലരും ഇതിന് തുനിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കേരളത്തില്‍ എത്തിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തും. പ്രിന്‍സിപ്പില്‍ സെക്രട്ടറിക്കാണ് ഇതിന്റെ ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മഴയും ആരംഭിച്ചതോടെ ആശുപത്രികളിലേക്ക് രോഗികളുടെ വരവ് കൂടിയിട്ടുണ്ട്. ആശുപത്രികളിലും ശാരീരിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. രോഗ വ്യാപനത്തിന് കൂടുതല്‍ സാധ്യത ആശുപത്രികളിലുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കമ്പോളങ്ങളിലും റോഡുകളിലും തിരക്ക് കൂടുന്നുണ്ട്. ഇവിടങ്ങളില്‍ ശാരീരിക അകലം പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തില്‍ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.