ഇന്ന് (30 ഏപ്രിൽ 2020) രണ്ടു പേര്‍ക്ക് കൊവിഡ്; 14 പേര്‍ രോഗമുക്തര്‍, സംസ്ഥാനത്ത് 14 പേർ രോഗമുക്തരായി

കാസര്‍ഗോഡ് കളക്ടറും ഐജി വിജയ് സാക്കറെയും നിരീക്ഷണത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മലപ്പുറത്തും കാസര്‍ഗോഡുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. മറ്റൊരാള്‍ക്ക് രോഗം ലഭിച്ചത് സമ്പര്‍ക്കം വഴിയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 14 പേരാണ് രോഗമുക്തരായത്. പാലക്കാട്-4, കൊല്ലം-3, കണ്ണൂര്‍-2, കാസര്‍കോട്-2, പത്തനംതിട്ട-1, മലപ്പുറം-1, കോഴിക്കോട്-1 എന്നിങ്ങനെയാണ് രോഗമുക്തര്‍.

നിലവില്‍ 111 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,711 പേര്‍ നിരീക്ഷണത്തിലുണ്ട്. 20,285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് 95 പേരെ ആശുപത്രിയിലാക്കി.

കോട്ടയം, ഇടുക്കി, കൊല്ലം എന്നിവിടങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍ഗോഡ് കളക്ടര്‍ സജിത് ബാബു, ഐജി വിജയ് സാക്കറെ എന്നിവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്.

അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചു അയക്കണമെന്ന കേന്ദ്ര നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രത്യക തീവണ്ടി വേണമെന്ന് വീണ്ടും ആവശ്യപെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് രോഗ വ്യാപനത്തിനുള്ള സാധ്യതയാണ്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങും. ഇതിന് പ്രത്യേക ക്രമം തയ്യാറാക്കണം. നാട്ടില്‍ പോകാനുള്ള അവരുടെ ധൃതി, സംഘര്‍ഷത്തില്‍ എത്താതെ നോക്കണമെന്നും ഇതിന് പൊലീസിസ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്ന് രോഗം പടരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും അപ്രതീക്ഷിത സ്ഥലത്താണ് രോഗബാധ ഉണ്ടാകുന്നത്. ചരക്ക് വണ്ടികയില്‍ ചിലര്‍ വന്നതാണ് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറത്ത് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയെന്നും ഇത്തരം സംഭവതങ്ങള്‍ തടയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരിയ ഒരു അശ്രദ്ധ പോലും നമ്മളെ രോഗിയാക്കി മാറ്റും. അമിതമായ നിയന്ത്രണമല്ല, പൊലീസ് അടിച്ചേല്‍പ്പിക്കുന്നത്. അത് ആവശ്യമായതാണ്. നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയാണ് പൊലീസ് ചെയ്യുന്നത്. അത് പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിഥി തൊഴിലാളികളെ തെരുവിലിറക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.